ആലപ്പുഴ: സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുനീക്കാതെ സർക്കാർ ഒത്തുകളി. തീരദേശനിയമം ലംഘിച്ച് കായൽ കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് കോടതി ഉത്തരവിട്ടത്. റിസോര്‍ട്ട് പൊളിക്കുന്നതിൽ സര്‍ക്കാർ തീരുമാനം വന്നിട്ടില്ലെന്നാണ് ജില്ലാഭരണകൂടത്തിന്‍റെ വിശദീകരണം.

മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് അനധികൃതമായി പണിതുയര്‍ത്തിയ കാപ്പിക്കോ റിസോർട്ടും പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ ഒൻപത് മാസം ആകുമ്പോഴും സർക്കാ‍ർ ഇക്കാര്യം അറിഞ്ഞമട്ടില്ല. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ട് കായലിനെ വിഴുങ്ങിയാണ് നെടിയതുരുത്ത് ദ്വീപിൽ കാപ്പിക്കോ പണിത് ഉയർത്തിയത്. തീരദേശനിയമം ലംഘിച്ച റിസോർട്ടിനെതിരെ പ്രദേശത്തെ മത്സ്യതൊഴിലാളികളാണ് സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തിയത്. കഴിഞ്ഞ ജനുവരി 10 ന് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.

റിസോർട്ട് സ്ഥിതി ചെയ്യുന്ന പാണാവള്ളി പ‍ഞ്ചായത്ത് പൊളിച്ചുനീക്കലിന് മേൽനോട്ടം വഹിക്കണമെന്നാണ് കോടതി വിധി. എന്നാൽ 17.34 ഏക്കറിലെ 54 വില്ലകൾ പൊളിച്ചുനീക്കാനുള്ള സാങ്കേതിക സംവിധാനവും പണവും തങ്ങൾക്കില്ലെന്ന് പ‍ഞ്ചായത്ത് ജില്ലാഭരണകൂടത്തെ അറിയിച്ചു. തുടർന്ന് ജില്ലാ ഭരണകൂടം വിശദമായ റിപ്പോർട്ട് സ‍ർക്കാരിന് സമർപ്പിച്ചെങ്കിലും പൊളിച്ചുനീക്കുന്നതിൽ‌ തീരുമാനമുണ്ടായില്ല. തുടർനടപടിക്കായി  കാത്തിരിക്കാനാണ് റവന്യൂ വകുപ്പ് പറയുന്നത്.