തിരുവനന്തപുരം: കല്ലട ബസ് ജീവനക്കാരുടെ അതിക്രമത്തെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന ബസുകളില്‍ നടത്തി വരുന്ന പരിശോധനയിലൂടെ സംസ്ഥാന ഖജനാവിലേക്ക് കോടികള്‍ ഒഴുകുന്നു. ഏപ്രില്‍ മാസത്തിലാണ് കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചതും വഴിയില്‍ ഇറക്കിവിട്ടതും. കേരളത്തിലെമ്പാടും വലിയ തോതിലുള്ള പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്.

പ്രതിഷേധം കനത്തതോടെ വന്‍കിട സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളും പരിശോധനയും നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന കോണ്‍ട്രാക്ട് കാര്യേജുകളില്‍ നടത്തിയ രാത്രികാല പരിശോധനയിലൂടെ കോടികളാണ് സംസ്ഥാന ഖജനാവിലെത്തിയത്.

ഏപ്രില്‍ മാസം 24 ാം തിയതി മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമവിരുദ്ധമായി സ്റ്റേജ് കാര്യേജ് സര്‍വ്വീസ് നടത്തിയതുമായി ബന്ധപ്പെട്ട് 7480 കേസുകളാണ് രജിസ്ട്രര്‍ ചെയ്യിട്ടുള്ളത്. 27609850 (രണ്ടുകോടി എഴുത്തിയാറു ലക്ഷത്തി ഒന്‍പതിനായിരത്തി എണ്ണൂറ്റി അമ്പത് രൂപ) ഈ വകയില്‍ പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ട്.