Asianet News MalayalamAsianet News Malayalam

പുനരധിവാസ നടപടികള്‍ക്ക് പ്രാധാന്യം നല്‍കാൻ നിർദ്ദേശം നൽകിയതായി മന്ത്രി എ കെ ശശീന്ദ്രന്‍

ക്യാമ്പുകളില്‍ പുറത്തു നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ അനുവദിക്കില്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും കളക്ടര്‍ പറഞ്ഞു.

government has given priority to rehabilitation says  Minister AK Sasheendran
Author
Wayanad, First Published Aug 13, 2019, 11:10 PM IST

വയനാട്: മഴ മാറിയ സാഹചര്യത്തില്‍ പുനരധിവാസ നടപടികള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിർദ്ദേശം നൽകിയതായി മന്ത്രി എ കെ ശശീന്ദ്രന്‍. ക്യാമ്പില്‍ നിന്ന് തിരിച്ച് പോവാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് താത്ക്കാലിക സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ റിസോര്‍ട്ടുകളെ കുറിച്ചും അശാസ്ത്രീയ നിര്‍മ്മാണങ്ങളെ കുറിച്ചും ശാസ്ത്രീയപഠനം വേണമെന്ന നിര്‍ദേശം സി കെ ശശീന്ദ്രന്‍ എംഎല്‍എ മുന്നോട്ടു വച്ചു. കുറിച്യര്‍മല, പുത്തുമല, കുറുമ്പാലകോട്ട തുടങ്ങിയ സ്ഥലങ്ങള്‍ വാസയോഗ്യമല്ലാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ കൃഷിഭൂമി, താമസസ്ഥലം എന്നിങ്ങനെ രണ്ടായി ഭൂവിനിയോഗം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്യാമ്പില്‍ നിന്നും തിരിച്ചു വീട്ടിലേക്ക് പോകുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഒ ആര്‍ കേളു എംഎല്‍എ ആവശ്യപ്പെട്ടു. ദുരന്തഭൂമിയിലേക്ക് തിരിച്ച് പോകാന്‍ തയ്യാറാകാത്തവര്‍ക്ക് മറ്റു സാധ്യതകള്‍ പരിശോധിക്കും. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ ഏകീകൃത സംവിധാനം വേണമെന്ന പഞ്ചായത്തുകളുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഒറ്റപ്പെട്ടു കഴിയുന്ന ക്യാമ്പുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മാനന്തവാടിയിലെ കുടിവെള്ള വിതരണത്തിലെ തകരാര്‍ പരിഹരിച്ചു വരികയാണെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എആര്‍ അജയകുമാര്‍ ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ പുറത്തു നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ അനുവദിക്കില്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും കളക്ടര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെക്കുറിച്ചും ദുര്‍ബല പ്രദേശത്ത് നടക്കുന്ന നിര്‍മ്മാണങ്ങളെ കുറിച്ചും അതാത് പഞ്ചായത്തുകളോട് റിപ്പോര്‍ട്ടു നല്‍കാനും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്യാമ്പുകളിലെ കക്കൂസ് അടഞ്ഞുപോകുന്ന സാഹചര്യം പരിഹരിക്കാന്‍ ശുചിത്വ മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, സ്‌പെഷ്യല്‍ ഓഫീസര്‍മാരായ വി ആര്‍ പ്രേം കുമാര്‍, ആസീഫ്, സബ് കളക്ടര്‍ എന്‍ എസ്കെ ഉമേഷ്, എഡിഎം കെ അജീഷ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios