തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലര്‍ക്കും ബന്ധമുണ്ടെന്ന ഇഡി റിപ്പോര്‍ട്ട് സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി. തങ്ങള്‍ ആദ്യം മുതല്‍ പറയുന്ന കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞതായി പ്രതിപക്ഷവും ബിജെപിയും പറഞ്ഞു. എല്ലാത്തിന്‍റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയപ്പോള്‍ സിഎം രവീന്ദ്രനെ ചോദ്യം  ചെയ്യുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്ന് കെ സുരേന്ദ്രനും  പറഞ്ഞു

മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലര്‍ക്കും സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്ന ആരോപണം കേസിന്‍റെ ആദ്യദിവസം മുതല്‍ പ്രതിപക്ഷം ഉന്നയിക്കുന്നതാണ്. എം ശിവശങ്കരന്‍റെ ചില വ്യക്തിബന്ധങ്ങള്‍ക്കപ്പുറം എന്ത് തെളിവെന്ന് ചോദിച്ചാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതാക്കളും ഇത് നേരിട്ടത്. ഇന്ന് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ഇഡി എണ്ണിപ്പറയുന്നു ശിവശങ്കരനൊപ്പം മറ്റ് പലര്‍ക്കും കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന്. കള്ളക്കടത്തിന്‍റെ സൂത്രധാരനായ ഖാലിദിന് ശിവശങ്കരനെ നേരിട്ടറിയാം. കോഴപ്പണം ശിവശങ്കരന് കൂടി പങ്കുള്ളതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ടീമിന് ഇതെല്ലാമറിയാമായിരുന്നു. 

ഇന്നത്തെ ഇഡി റിപ്പോര്‍ട്ടിനെ കുറിച്ച് മുഖ്യമന്ത്രിയോ മറ്റ് എല്‍ഡിഎഫ് നേതാക്കളോ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനവുമില്ല.കേന്ദ്ര ഏജന്‍സികള്‍ ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വക്കുന്നുവെന്ന് സിപിഎം നേരത്തേ ആരോപിച്ചിരുന്നതാണ്. ഈ ആരോപണം ശരിയായിരിക്കുന്നുവെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. പ്രതിപക്ഷാരോപണങ്ങള്‍ക്ക് മറുപടി പറയാനായി രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പ്രത്യേക വാര്‍ത്താസമ്മേളനം വിളിക്കാന്‍ സാധ്യതയുണ്ട്.