തിരുവനന്തപുരം: രോഗികളെ വലച്ച് സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ ഒ പി ബഹിഷ്കരണ സമരം. ശമ്പള വർദ്ധന ആവശ്യപ്പെട്ടായിരുന്നു രാവിലെ 8 മുതൽ 10 വരെ  കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്. അത്യാഹിത വിഭാ​ഗം, ലേബർ റൂം, ഐസിയു എന്നിവ പ്രവർത്തന സജ്ജമായിരുന്നു. 13 വർഷമായി ശമ്പള പരിഷ്കരണം നടപ്പാക്കിയില്ല എന്നാരോപിച്ചായിരുന്നു സൂചനാ പണിമുടക്ക്. 2016 മുതൽ ഇക്കാര്യമാവശ്യപ്പെട്ട് സർക്കാരിനെ പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഡോക്ടർമാർ പറയുന്നു. 

ജൂനിയർ ഡോക്ടർമാർ മാത്രമാണ് ഒപികളിൽ സേവനമനുഷ്ഠിച്ചത്. ഭൂരിഭാഗം ഡോക്ടർമാരും വിട്ടുനിന്നതോടെ രോഗികളുടെ കാത്തിരിപ്പ് നീണ്ടു. സമരത്തെ കുറിച്ച് അറിയാതെയാണ് രാവിലെ മിക്കവരും ആശുപത്രിയിലെത്തിയത്. തിരുവനന്തപുരത്ത് സമരം ചെയ്ത ഡോക്ടർമാർ ഡിഎംഇ ഓഫീസിലേക്ക് പ്രകടനം നടത്തി. വിഷയത്തിൽ  അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ഈമാസം 27 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ഡോക്ടർമാരുടെ തീരുമാനം.2009 ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള പരിഷ്കരണം അവസാനമായി നടപ്പാക്കിയത്.