മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ക്രൈസ്തവ സഭകളുടെ കൂട്ടായ്മ നൽകിയ ഹർജിക്ക് പുറമെ, ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരായ മറ്റൊരു ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌ട്സ് നൽകിയ ഹർജിയിൽ ആണ് നടപടി. പൊതു താൽപര്യ ഹർജി സമാനമായ മറ്റ് കേസുകൾക്ക് ഒപ്പം പരിഗണിക്കമെന്ന് അഡ്വക്കേറ്റ് ജനറൽ അഭ്യർഥിച്ചു. തുടർന്ന് കേസ് ഈ മാസം 22ന് പരിഗണിക്കാൻ മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ, കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് നടപടി. രണ്ടാഴ്ചയക്കകം മറുപടി നൽകാനായിരുന്നു നിർദേശം. 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചതെന്നും നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 

ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്. 2026ൽ വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചപ്പോൾ 9 പേരെയാണ് സർക്കാർ നിശ്ചയിച്ചത്. ഇതിൽ എല്ലാവരും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഷോണിന്‍റെ വാദം.