സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തിന്‍റെ മറ്റൊരു ഇരയാണ് സൈജുവും. നിഷയ്ക്ക് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മറ്റൊരു ഇരയുടെ കഥകൂടിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 

എറണാകുളം:  ഒരു മിനിറ്റ് വൈകിയാൽ ജീവിതത്തില്‍ എന്ത് സംഭവിക്കും ? പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്നാണെങ്കില്‍ കാഴ്ച പരിമിതനായ എറണാകുളം ഉദയംപേരൂർ സ്വദേശി സൈജു.പി.എസിന് നഷ്ടപ്പെട്ടത് സ്വന്തം ജീവിത സ്വപ്നങ്ങളാണ്. ഒരു മിനിറ്റ് വൈകി റിപ്പോർട്ട് ചെയ്തതിനാലാണ് സൈജുവിന് അ‍ർഹമായ സർക്കാർ ജോലി നഷ്ടമായത്. കഴിഞ്ഞ നാല് വര്‍ഷമായി ആ ഒന്നര മിനിറ്റിന്‍റെ വില നല്‍കിക്കൊണ്ടിരിക്കുകയാണ് സൈജു. ജോലി തിരിച്ച് കിട്ടാനായി കഴിഞ്ഞ നാല് വർഷമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ് അദ്ദേഹം. 

എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും, ഒഴിവുകളെല്ലാം സ്വയം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യിച്ചിട്ടും വെറും നാല് സെക്കന്‍റിന്‍റെ വ്യത്യാസത്തില്‍ ജോലി നഷ്ടമായ നിഷയുടെ കഥ ഇതിനകം കേരളം വായിച്ചതാണ്. ഇതിന് സമാനമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തിന്‍റെ മറ്റൊരു ഇരയാണ് സൈജുവും. നിഷയ്ക്ക് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മറ്റൊരു ഇരയുടെ കഥകൂടിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 

YouTube video player

സൈജു ഉൾപ്പെട്ട എൽഡി ക്ലാർക്ക് സപ്ലിമെന്‍ററി ലിസ്റ്റിന്‍റെ കാലാവധി അവസാനിച്ചത് 2018 മാർച്ച് 31 ന് രാത്രി 12 മണിയ്ക്ക്. എന്നാൽ, തിരുവനന്തപുരം നഗരകാര്യ വകുപ്പ് ഒഴിവ് ലിസ്റ്റ് ചെയ്തത് 12.01 ന്. റാങ്ക് ലിസ്റ്റിലെ ഒൻപതാമനായിരുന്നു സൈജു. നഗരകാര്യ വകുപ്പിലായിരുന്നു ഒഴിവ്. ലിസ്റ്റിലെ എട്ടാമനായ എറണാകുളം എടവനക്കാട് സ്വദേശി ജവഹർ ജോലി വേണ്ടെന്ന് നേരത്തെ വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ, ആ ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇക്കാര്യം സൈജു അറിയുന്നത് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്ന മാർച്ച് 31 നും. വൈകാതെ ജവഹറിനെ കണ്ടുപിടിച്ച് ജോലി വേണ്ടെന്ന് സൈജു രേഖാമൂലം എഴുതി വാങ്ങി. വൈകീട്ട് ആറ് മണിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫയൽ ഇമെയിലായി തിരുവനന്തപുരം നഗരകാര്യ വകുപ്പിലേക്ക് അയച്ചു, ഫോൺ വിളിച്ചും പറഞ്ഞു. ജോലി കിട്ടുമെന്ന് ഉറപ്പായതോടെ സൈജു മടങ്ങി.

സാങ്കേതിക പിഴവ് നിമിത്തം ഒഴിവ് റിപ്പോർട്ട് ചെയ്യാൻ വൈകിയതിനാൽ നിയമനം നൽകണമെന്ന് കാണിച്ച് നഗരകാര്യ വകുപ്പും പിഎസ്‍സിയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, നിയമപ്രശ്നം ചൂണ്ടിക്കാട്ടി പിഎസ്‍സി ഇത് തള്ളുകയായിരുന്നു. സമാനമായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇന്ന് സൈജുവിന് 49 വയസായി. ഇനി പിഎസ്‍സി പരീക്ഷ എഴുതാൻ കഴിയായില്ല. ഉദ്യോഗസ്ഥരുടെ വീഴ്ച്ചയില്‍ തനിക്ക് നഷ്ടമായ അർഹതപ്പെട്ട ജോലിക്കായി സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുകയാണ് സൈജു.

കൂടുതല്‍ വായനയ്ക്ക്:  വെറും നാല് സെക്കന്‍റ് വൈകി; ഉദ്യോഗസ്ഥ വീഴ്ചയില്‍ നിഷയ്ക്ക് നഷ്ടമായത് ജോലിയെന്ന സ്വപ്നം