Asianet News MalayalamAsianet News Malayalam

കിഫ്ബിയില്‍ സര്‍ക്കാരിന്‍റെ ഒളിച്ചുകളി; സമഗ്ര ഓഡിറ്റിന് സിഎജിക്ക് അനുമതി നിഷേധിച്ചു

നൂറ് കണക്കിന് കോടി രൂപയുടെ തിരിച്ചടവിന് സർക്കാരിന് പൂർണ ഉത്തരവാദിത്തം ഉണ്ടായിട്ടും സിഎജി ഓഡിറ്റിന് അനുമതിയുള്ളത് 15% തുകയ്ക്ക് മാത്രമാണ്. ഭീമമായ തോതിൽ സർക്കാർ മുതൽമുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നൽകേണ്ട വൻ ബാധ്യതയും ഉള്ളതിനാൽ സമ്പൂർണ്ണ പ്രവർത്തന ഓഡിറ്റ് അത്യാവശ്യമാണെന്നാണ് സിഎജിയുടെ നിലപാട്.

GOVERNMENT RESTRICTS CAG AUDIT OF  KIIFB
Author
Thiruvananthapuram, First Published Sep 3, 2019, 10:27 AM IST

തിരുവനന്തപുരം: കിഫ്ബിയുടെ സമഗ്ര ഓഡിറ്റിന് സിഎജിക്ക് അനുമതി നിഷേധിച്ച് സംസ്ഥാന സർക്കാർ. ഭീമമായ തോതിൽ സർക്കാർ മുതൽമുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നൽകേണ്ട വൻ ബാധ്യതയും ഉള്ളതിനാൽ സമ്പൂർണ്ണ പ്രവർത്തന ഓഡിറ്റ് അത്യാവശ്യമാണെന്നാണ് സിഎജിയുടെ നിലപാട്. എന്നാൽ കിഫ്ബി ആക്ടിൽ സിഎജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നാണ് സർക്കാർ വാദം.

നൂറ് കണക്കിന് കോടി രൂപയുടെ തിരിച്ചടവിന് സർക്കാരിന് പൂർണ ഉത്തരവാദിത്തം ഉണ്ടായിട്ടും സിഎജി ഓഡിറ്റിന് അനുമതിയുള്ളത് 15% തുകയ്ക്ക് മാത്രമാണ്. അതായത്, ഓരോ സാമ്പത്തിക വർഷത്തേയും സർക്കാർ ഗ്രാന്റിന്റെ വിനിയോഗം മാത്രം. സിഎജി ആക്ട് സെക്ഷൻ 14 അനുസരിച്ച് സിഎജി സ്വയം ഏറ്റെടുത്തതാണ് ഈ ഓഡിറ്റ്. സെക്ഷൻ 14 പ്രകാരം കിഫ്ബിയുടെ സമ്പൂർണ്ണ പ്രവർത്തന ഓഡിറ്റ് സിഎജി ആവശ്യപ്പെട്ടിട്ടും അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. ചീഫ് സെക്രട്ടറിക്കും ധനസെക്രട്ടറിക്കും ഒടുവിൽ മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടും നടപടിയില്ല.

2016ൽ ഭേദഗതി ചെയ്ത കിഫ്ബി നിയമത്തിൽ, സിഎജിക്ക് പകരം പരിശോധനക്കായി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്താൻ വ്യവസ്ഥയുണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ ഈ ഉപദേശക സമിതി, ഓഡിറ്റിന് പകരമാവില്ലെന്ന വസ്തുത സിഎജി ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അവഗണിക്കുകയാണ്. ഇത് മറച്ചുവച്ച് കിഫ്ബി പ്രവർത്തനങ്ങൾ സിഎജി ഓഡിറ്റിന് വിധേയമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ധനമന്ത്രി.

സിഎജി ആവ്യശ്യപ്പെട്ടിട്ടും സെക്ഷൻ 20 പ്രകാരം സമ്പൂർണ്ണ പ്രവർത്തക ഓഡിറ്റ് നിഷേധിച്ചതിനുള്ള സർക്കാർ ന്യായം അതിവിചിത്രമാണ്. സിഎജിയുടെ പരിശോധനയും അഭിപ്രായങ്ങളും നിക്ഷേപകർക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് സർക്കാർ പറയുന്നത്. സിഎജി ഓഡിറ്റ് നിക്ഷേപകരിൽ കൂടുതൽ വിശ്വാസം ഉണ്ടാക്കുമെന്ന എജിയുടെ മറുപടിയോട് സർക്കാർ പിന്നെ പ്രതികരിച്ചില്ല. ഈ വർഷം ഫെബ്രുവരി 11ന് മുഖ്യമന്ത്രിക്ക് എജി അയച്ച കത്തിനും ഇതുവരെ മറുപടി നൽകിയിട്ടില്ല.

ആയിരക്കണക്കിന് കോടി വരുന്ന കിഫ്ബിയുടെ സാമ്പത്തിക ബാധ്യതയ്ക്ക് സർക്കാർ ഗ്യാരണ്ടിയുണ്ട്. തിരിച്ചടവ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയെങ്കിൽ ഈ പദ്ധതി സമഗ്രമായ ഓഡിറ്റിന് വിധേയമാക്കേണ്ടേത് കേരളത്തിന്റെ സാമ്പത്തിക നിലനിൽപ്പിന് തന്നെ അത്യാവശ്യമാണ്. ഭരണഘടനാ സ്ഥാപനമായ സിഎജി പ്രവർത്തന ഓഡിറ്റ് ആവശ്യപ്പെടുമ്പോൾ സർക്കാർ അത് നിരാകരിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം ഉയരുന്നത്. സിഎജി ഓഡിറ്റിലൂടെ കിഫ്ബിയെക്കുറിച്ച് എന്ത് തെറ്റായ സന്ദേശമാണ് നിക്ഷേപകർക്ക് കിട്ടുക. ഇത് അറിയാൻ പൗരന് അവകാശമില്ലേ? സെക്ഷൻ 20 പ്രകാരമുള്ള സമ്പൂർണ്ണ ഓഡിറ്റ് നിഷേധിച്ചശേഷം പദ്ധതിക്ക് സിഎജി ഓഡിറ്റ് ഉണ്ടെന്ന് സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ് എന്നീ ചോദ്യങ്ങളും ഉയരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios