ഇടുക്കി: ചപ്പാത്തിൽ പെരിയാർ കയ്യേറി ബഹുനില കെട്ടിടം പണിതതിൽ സർക്കാർ നടപടി ആരംഭിച്ചു. ഭൂമി പിടിച്ചെടുത്ത് ബോർഡ് സ്ഥാപിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് കയ്യേറ്റം സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത്.

പള്ളിഹാളിന് വേണ്ടിയാണ് ചപ്പാത്ത് ജമാ അത്ത് പള്ളി പെരിയാർ കയ്യേറി കെട്ടിടം നിർമ്മിച്ചത്. ആനവിലാസം വില്ലേജ് ഓഫീസും അയ്യപ്പൻ കോവിൽ പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അത് അവഗണിച്ചായിരുന്നു നിർമ്മാണപ്രവർത്തനങ്ങൾ. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവന്നതിന് പിന്നാലെ ഉടുമ്പിൻചോല താലൂക്ക് ഭൂമി പിടിച്ചെടുത്ത് ബോർഡ് സ്ഥാപിച്ചു. 

ഭൂമിയിൽ അതിക്രമിച്ച് കയറിയാലോ,നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയാലോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടികളും ജില്ലാ ഭരണകൂടം തുടങ്ങിയിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കാൻ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. നേരത്തെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചതിൽ പള്ളിഭാരവാഹികൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാത്തതിന് ഉപ്പുതറ സിഐയോടെ ജില്ലാ കളക്ടർ വിശദീകരണം ആവശ്യപ്പെട്ടു. 

പൊലീസിന്റെ കൃത്യവിലോമം മൂലമാണ് കെട്ടിടം രണ്ടാം നിലവരെ ഉയർന്നതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട്. പള്ളി ഭാരവാഹികളിൽ നിന്ന് വീണ്ടും പ്രകോപനം ഉണ്ടായേക്കാമെന്ന സൂചനയിൽ ഭൂമിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.