തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശം മുഴുവൻ ലോക്ഡൗണിലാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പുറത്ത് നിന്ന് ആരെയും തീരദേശത്ത് പ്രവേശിപ്പിക്കാതെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ആലോചന. അതേസമയം തീരദേശങ്ങളിലെ തീവ്രബാധിത മേഖലകളിൽ ഇന്ന് വൈകീട്ട് മുതൽ ട്രിപ്പിൽ ലോക്ഡൗൺ നിലവിൽ വരും.

 തീരദേശമേഖലകളിലെ കൊവിഡ് അതിവ്യാപനം വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവൻ തീരമേഖലകളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് .മൽസ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ മാത്രം അനുമതി നൽകും. മൽസ്യം വില്പനക്കായി പുറത്ത് എത്തിക്കാൻ പ്രത്യേക സംവിധാനം സർക്കാർ ഏർപ്പെടുത്തുമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നമസ്തേ കേരളത്തിൽ പറഞ്ഞു.

കൊച്ചിയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തിലും,ആലപ്പുഴയിലെ എട്ട് തീരദേശ പഞ്ചായത്തുകളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് രോഗവ്യാപനത്തിന് സാധ്യതയുള്ള മേഖലകളിൽ ഇന്ന് വൈകിട്ട് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ. ഇവിടങ്ങളിൽ അവശ്യസർവ്വീസുകൾ മാത്രമാണ് അനുവദിക്കുക. ആലപ്പുഴയിലെ നൂറനാട് INDIA TIBETAN BORDER POLICE ക്യാംപിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 131 ലെത്തി.