തിരുവനന്തപുരം: സുപ്രീംകോടതി വിധിയിൽ വ്യക്തത വരും വരെ ശബരിമലയിൽ യുവതീ പ്രവേശം വേണ്ടെന്ന നിലപാടിലേക്ക് ചുവടുമാറിയെങ്കിലും സംസ്ഥാനത്ത് നവോത്ഥാന സ്മാരകം പണിയാനുള്ള പദ്ധതിയിൽ നിന്ന് പുറകോട്ടില്ലെന്ന് പ്രഖ്യാപിച്ച്  സംസ്ഥാന സര്‍ക്കാര്‍. പതിനാല്  ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ഛയങ്ങൾ നിര്‍മ്മിക്കാനുള്ള പദ്ധതിക്കാണ് പിണറായി സര്‍ക്കാര്‍ വക പച്ചക്കൊടി. കിഫ്ബി വഴി 700 കോടി രൂപയാണ് സാംസ്കാരിക സമുച്ഛയ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെയാണ് നവോത്ഥാന സാംസ്കാരിക സമുച്ഛയങ്ങളുടെ നിര്‍മ്മാണം എന്നതും ശ്രദ്ധേയമാണ്. 


പാലക്കാട് കൊല്ലം കാസര്‍കോട് ജില്ലകളിലാണ് നവോത്ഥാന സാംസ്കാരിക സമുച്ഛയ നിര്‍മ്മാണത്തിന് ആദ്യഘട്ട ടെന്‍റര്‍ വിളിച്ചത്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കാകണമെന്ന നിബന്ധനയുണ്ടായിരുന്നെങ്കിലും കിട്ടിയ ടെന്‍ററിൽ നിരക്ക് കൂടുതലാണ്. പദ്ധതിയുടെ പ്രാധാന്യവും പദ്ധതി നടപ്പിലായാൽ സമൂഹത്തിന് ഉണ്ടാകുന്ന ഗുണങ്ങളും കണക്കിലെടുത്ത് കൂട്ടത്തിൽ കുറവുള്ള തുക ടെന്‍റര്‍ എക്സസ് അടക്കം അംഗീകരിക്കണമെന്ന ചലച്ചിത്ര വികസന കോര്‍പറേഷൻ  സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.  ഏറ്റവും കുറഞ്ഞ ടെന്‍റര്‍ പോലും മാര്‍ക്കറ്റ് നിരക്കിനേക്കാൾ കൂടുതലായതിനാൽ മന്ത്രിസഭാ യോഗത്തിന്‍റെ പ്രത്യേക അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 


ടെന്‍റര്‍ അംഗീകരിച്ച മൂന്ന് ജില്ലകൾക്ക് പുറമെ ബാക്കിയുള്ള ജില്ലകളിലും നവോത്ഥാന സാംസ്കാരിക സമുച്ഛയ നിര്‍മ്മാണം ഉടനടി തുടങ്ങാനാണ് സര്‍ക്കാര്‍ നീക്കം.