പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാനാകില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും 8 ഘടകക്ഷേത്രങ്ങളുടെയും ഉറച്ച നിലപാട്.  

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം എങ്ങനെ നടത്തണമെന്നതില്‍ തീരുമാനം ജില്ലാഭരണകൂടം സര്‍ക്കാരിന് വിട്ടു. പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാനാകില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും 8 ഘടകക്ഷേത്രങ്ങളുടെയും ഉറച്ച നിലപാട്. ആനകൾ അഞ്ച് വീതം വേണമെന്നും ചടങ്ങുകള്‍ വെട്ടികുറയ്ക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് ദേവസ്വങ്ങള്‍.

പൂരം വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നെല്ലാമാണ് സംഘാടകരുടെ ആവശ്യം. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം. പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.