കോഴിക്കോട്: മലയാളികളുടെ സംഗീതപ്രേമത്തെ പ്രകീർത്തിച്ച് ഗവർണർ ആരിഫ് അഹമ്മദ് ഖാൻ. മുഹമ്മദ് റാഫി ഫൗണ്ടേഷൻ അവാർഡ്ദാന ചടങ്ങിലാണ് സംഗീതത്തോടുള്ള കേരളത്തിന്‍റെ ഇഷ്ടത്തെ ഗവർണർ പ്രശംസിച്ചത്. കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഗായകൻ പി ജയചന്ദ്രനെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിച്ചു.

കനത്ത മഴയിലും കോഴിക്കോട് ടൗൺഹാളിന്‍റെ അകത്തും വരാന്തയിലുമായി തടിച്ചുകൂടിയ സംഗീതപ്രേമികളെ മലയാളത്തിൽ അഭിസംബോധന ചെയ്തായിരുന്നു ​ഗവർണറുടെ തുടക്കം. മലയാളികളുടെ പ്രത്യേകിച്ചും കോഴിക്കോട്ടുകാരുടെ സംഗീതത്തോടുള്ള താൽപര്യം അതിശയപ്പെടുത്തിയെന്നും ഗവർണർ പറഞ്ഞു. പ്രാർത്ഥന ​ഗാനം പോലും മുഹമ്മദ് റാഫിയുടെ പാട്ടായതിനെ കുറിച്ചും അദ്ദേഹത്തിന്റെ  പ്രസം​ഗത്തിൽ‌ പ്രത്യേകം എടുത്തു പറഞ്ഞു.

സംഗീതരംഗത്തെ സമഗ്രസംഭാവനക്കുള്ള മുഹമ്മദ് റാഫി ഫൗണ്ടേഷൻ അവാർഡ് നേടിയ പി ജയചന്ദ്രന്‍റെ സംഗീതനിശയും ചടങ്ങിനെ അവസ്മരണീയമാക്കി.