പേര് മാറ്റ വിവാദം; പാഠപുസ്തകങ്ങളില്‍ ഭാരതമെന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍
ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ ഭരണഘടനയിൽ ഉണ്ടെന്നും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരം: എൻസിഇആർടി സാമൂഹിക പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ ഭരണഘടനയിൽ ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം, കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനമൊഴിഞ്ഞതെന്നും ഗവർണ്ണർ വിശദീകരിച്ചു. ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര ആക്ഷേപങ്ങളാണ് ഉയർന്നത്. ക്രമക്കേടുകളെ കുറിച്ച് തനിക്കും പരാതി ലഭിച്ചെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റുന്ന എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പാക്കാതിരിക്കാനുള്ള സാധ്യതകൾ കേരളം തേടിയിട്ടുണ്ട്. ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ചാണ് സംസ്ഥാനം പരിശോധിക്കുന്നത്. ഇതിനുളള സാധ്യതകൾ തേടും. ബിജെപി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ കേരളം പേര് മാറ്റത്തെ ശക്തമായി എതിർക്കും എന്നാണ് വിവരം.