ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണകാര്യങ്ങളിൽ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ഗവർണർ സമാന്തര അധികാര കേന്ദ്രമായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷാ പദ്ധതികൾ, പെൻഷൻ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം: യോഗ ദിനാചരണത്തിലെ ഗവർണറുടെ ഇടപെടലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണർ നേരിട്ട് വകുപ്പുകളുടെ യോഗം വിളിച്ചത് ഭരണഘടന കീഴ്വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഗവർണർ സമാന്തര അധികാര സ്ഥാനമായി മാറുന്ന കാഴ്ചയാണെന്നും ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പിണറായി കുറ്റപ്പെടുത്തി. എന്ത് അടിസ്ഥാനത്തിലാണ് ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണകാര്യങ്ങളിൽ ഇടപെടുന്നത്. ഇത് അത്യന്തം ഗുരുതരമായ സാഹചര്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി കണ്ടില്ല. സംഘപരിവാർ വിധേയത്വം കാണിക്കുന്നു എന്ന ആക്ഷേപം നാട്ടിലുണ്ട്. കിട്ടിയ അവസരം ഗവർണറും ശരിയായി ഉപയോഗിക്കുന്നുവെന്നും സംസ്ഥാനത്തിന്റെ അന്തസ്സാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ഗവർണർ നേരിട്ട് വിളിച്ചപ്പോൾ സർക്കാർ എടുത്ത നിലപാട് മുൻപിൽ ഉണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുന്നുവെന്നും പിണറായി പറഞ്ഞു. പകർച്ചവ്യാധികൾ വലിയ തോതിൽ കൂടുന്നു. അഡ്വൈസ് ലഭിച്ച ഡോക്ടർമാരുടെ ഒഴിവുകൾ നികത്തപ്പെടുന്നില്ല. സംഘടനകളുടെ ഇടപെടലാണ് നിയമനം വൈകിപ്പിക്കുന്നത്. സ്ത്രീ സുരക്ഷാ, കണക്ട് ടു വർക്ക് പദ്ധതികൾ പുതിയ സർക്കാർ തകർക്കുന്നു. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. സ്ത്രീ സുരക്ഷാ പദ്ധതി മുടങ്ങി. പുതിയ അപേക്ഷകളിൽ നടപടി എടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനവകുപ്പ് രണ്ട് മാസമായി പെൻഷൻ തടഞ്ഞു വെച്ചു. പദ്ധതിയെ പൂർണ്ണമായും തകർക്കാനുള്ള അണിയറ നീക്കം നടക്കുന്നു. സ്ത്രീപക്ഷ സർക്കാരെന്ന് മേനി നടിക്കുന്നവരാണ് പെൻഷൻ മുടക്കിയത്. സർക്കാർ നിലപാട് തിരുത്തി പെൻഷൻ നൽകണം. അർഹരായ എല്ലാവർക്കും സാമ്പത്തിക സഹായം വിതരണം ചെയ്യണമെന്നും പിണറായി ആവശ്യപ്പെട്ടു.


