Asianet News MalayalamAsianet News Malayalam

സ്വപ്‍ന സുരേഷുമൊന്നിച്ചുള്ള മുഖ്യമന്ത്രിയുടെ ചിത്രം ട്വീറ്റ് ചെയ്ത് ഗവർണ്ണര്‍; 30 മിനിറ്റില്‍ പിന്‍വലിക്കല്‍

കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. ഇന്നലെ രാജ് ഭവനിൽ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റിൽ ആണ് ചിത്രമുള്ളത്. ചിത്രം മാറിപ്പോയെന്ന വിശദീകരണത്തോടെ രാജ്ഭവന്‍  30 മിനിറ്റിനുള്ളില്‍ ചിത്രം പിന്‍വലിച്ചു

governor tweets cms images with swapna suresh and deletes later
Author
Thiruvananthapuram, First Published Jul 6, 2020, 7:18 PM IST

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സ്വപ്‍ന സുരേഷുമൊന്നിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം ട്വീറ്റ് ചെയ്ത് ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻറെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ. ഇന്നലെ രാജ് ഭവനിൽ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റിൽ ആണ് ചിത്രമുള്ളത്. ചിത്രം മാറിപ്പോയെന്ന വിശദീകരണത്തോടെ രാജ്ഭവന്‍ 30 മിനിറ്റിനുള്ളില്‍ ചിത്രം പിന്‍വലിച്ചു. 

കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയായിരുന്നു കസ്റ്റംസിന്റെ അന്വേഷണം. ഇതിലാണ് യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണ് കള്ളക്കടത്തിന് പിന്നിലെന്ന വിവരം പുറത്ത് വന്നത്. 

governor tweets cms images with swapna suresh and deletes later

കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരായ ഇവരെ ഐടി വകുപ്പ് പുറത്താക്കിയിരുന്നു. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേത് എന്നും ഐ ടി വകുപ്പ് അറിയിച്ചു. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണെന്നാണ് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പറയുന്നത്. സ്വപ്നയ്ക്ക് പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ കമ്പനിയുമായും ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 

സംസ്ഥാന സർക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയിലെ കരാറേറ്റെടുത്ത ലണ്ടൻ കമ്പനിയാണ് പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ. ഈ കമ്പനിയുടെ റഫറൻസ് വഴിയാണ് സ്വപ്നയുടെ നിയമനം നടന്നതെന്നും അഭ്യൂഹമുണ്ട്. സ്വപ്നയ്ക്ക് കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് ഇന്റലിജൻസ് വിഭാ​ഗം മെയ് മാസത്തിൽ സൂചന നൽകിയിരുന്നതായാണ് വിവരം. 

Follow Us:
Download App:
  • android
  • ios