കോഴിക്കോട്: പരത്വ വിഷയത്തിൽ പ്രതിഷേധം ശക്തമായിരിക്കെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട്ടെ പൊതുപരിപാടി റദ്ദാക്കി. ഡിസി ബുക്സിന്‍റെ സാഹിത്യോത്സവത്തിലെ സെഷനിൽ നിന്നാണ് ഗവർണർ പിൻമാറിയത്. എന്നാല്‍ സംഘാടകരുടെ ആവശ്യപ്രകാരമാണ് പിൻമാറ്റമെന്നും പ്രോട്ടോകോള്‍ അനുസരിച്ചല്ല ബീച്ചിലെ വേദി തയ്യാറാക്കിയതെന്നും രാജ് ഭവൻ അറിയിച്ചു. ഇന്ത്യൻ ഫെഡറലിസം എന്ന വിഷയത്തിൽ വൈകിട്ട് അഞ്ചുമണിക്കായിരുന്നു ഗവർണറുടെ  സെഷൻ നിശ്ചയിച്ചിരുന്നത്. 

പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘടാകരെ ഗവർണർ ആദ്യം അറിയിച്ചിരുന്നു. എന്നാൽ കോഴിക്കോട് കടപ്പുറത്തെ സാഹിത്യോല്‍സവത്തിന്‍റെ വേദി പ്രോട്ടോകോള്‍ പ്രകാരമല്ലെന്ന് രാജ്‍ഭവൻ സംഘാടകരെ പിന്നീട് അറിയിക്കുകയായിരുന്നു. തുറന്ന വേദി ആയതിനാൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ കഴിയില്ലെന്ന പ്രശ്നമാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഗവർണറുടെ  പരിപാടി നിശ്ചയിച്ചയതുമുതൽ സുരക്ഷാ പ്രശ്നമുണ്ടായേക്കുമെന്ന ആശങ്ക പൊലീസ് അറിയിച്ചിരുന്നതായി രവി ഡിസി ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു.

സുരക്ഷാ പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ സംഘാടകര്‍ തന്നെ ആവശ്യപ്പെട്ടതു പ്രകാരമാണ് പരിപാടി ഒഴിവാക്കിയതെന്ന് രാജ്ഭവന്‍ വിശദീകരിച്ചു. അതേസമയം, ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന സെഷനില്‍ മോഡറേറ്ററായി നിശ്ചയിച്ച മാധ്യമപ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്പത്ത് പൗരത്വ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതുള്‍പ്പെടെയുളള ഘടകങ്ങളും ഗവര്‍ണറുടെ പിന്‍മാറ്റത്തിന് കാരണമായതായി സൂചനയുണ്ട്. കണ്ണൂരിലെ ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഗവർണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ രാജ്ഭവൻ തീരുമാനിച്ചിരുന്നു. പ്രോട്ടോകോള്‍ പാലിക്കാത്തതാണ് കണ്ണൂരിൽ വഴിവിട്ട പ്രതിഷേധത്തിന് കാരണമായതെന്ന വിമര്‍ശനം ഗവര്‍ണര്‍ തന്നെ ഉന്നയിക്കുകയും ചെയ്തിരുന്നു.