Asianet News MalayalamAsianet News Malayalam

'മാണി അഴിമതിക്കാരൻ', സർക്കാർ സത്യവാങ് മൂലത്തിൽ കേരളാ കോൺഗ്രസിന് പ്രതിഷേധം

മുന്നണിയിൽ ഇനിയും നിൽക്കണോ എന്ന് ജോസ് കെ മാണി പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്ന് മോൻസ് ജോസഫ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇത് ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ പാർട്ടി യോഗത്തിന് ശേഷം പറയാമെന്ന് ജോസ് കെ മാണി. 

govt affidavit against km mani in supreme court kerala congress protests
Author
Kottayam, First Published Jul 6, 2021, 10:43 AM IST

കോട്ടയം/ തിരുവനന്തപുരം: കെ എം മാണി അഴിമതിക്കാരനായതുകൊണ്ടാണ് പ്രതിഷേധം നടത്തിയതെന്ന് നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ വാദിക്കുകയും, സത്യവാങ്മൂലം നൽകുകയും ചെയ്ത സാഹചര്യത്തിൽ കടുത്ത പ്രതിഷേധവുമായി കേരളാ കോൺഗ്രസ്. നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയുമായി സുപ്രീംകോടതിയിൽ പോയ സംസ്ഥാനസർക്കാർ, നിലവിലെ ഘടകകക്ഷിയായ കേരളാ കോൺഗ്രസിന്‍റെ തലതൊട്ടപ്പനായ കെ എം മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞതിൽ കേരളാ കോൺഗ്രസിൽ അമർഷം പുകയുകയാണ്. സാഹചര്യം വിലയിരുത്താൻ കോട്ടയത്ത് കേരളാ കോൺഗ്രസിന്‍റെ നേതൃയോഗം ചേരുകയാണ്. 

സർക്കാർ സത്യവാങ്മൂലം എങ്ങനെ വന്നുവെന്ന കാര്യത്തിൽ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിൽ ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനറും ആക്ടിംഗ് സംസ്ഥാനസെക്രട്ടറിയുമായ എ വിജയരാഘവൻ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രധാന അജണ്ട നിയമസഭാ ഫലത്തിന്‍റെ അന്തിമവിലയിരുത്തലാണെങ്കിലും ഈ പ്രശ്നം മുന്നണിയിൽ പുകയുന്നതിനാൽ ചർച്ച ചെയ്യാതിരിക്കാൻ പാർട്ടിക്കാവില്ല. 

മുന്നണിയിൽ ഇനിയും നിൽക്കണോ എന്ന് ജോസ് കെ മാണി പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്ന് മോൻസ് ജോസഫ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് നേതാക്കളാണ് പ്രധാനമായും വളരെ വികാരപരമായി ഈ പ്രശ്നത്തിൽ പ്രതികരണം നടത്തുന്നത്. അധികാരമാണോ ആത്മാഭിമാനമാണോ വലുതെന്ന് ജോസ് കെ മാണി തന്നെ പറയട്ടെ എന്നാണ് മോൻസ് ജോസഫ് പറയുന്നത്. ഈ ചോദ്യങ്ങളെല്ലാം ചെന്ന് കൊള്ളുന്നത് ജോസ് കെ മാണിയുടെ നേർക്കും എൽ‍ഡിഎഫിന് നേർക്കുമാകും. വികാരപരമായ പ്രശ്നമായതുകൊണ്ട് തന്നെ, ഓർക്കാപ്പുറത്ത് ഉയർന്നുവന്ന ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്ന് എൽഡിഎഫിന് തല പുക‌‌ഞ്ഞാലോചിക്കേണ്ടി വരും. 

'എല്ലാം പാർട്ടി യോഗത്തിന് ശേഷം പറയാം'

സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ പാർട്ടി യോഗത്തിന് ശേഷം പറയാമെന്ന് ജോസ് കെ മാണി പറയുന്നു. മന്ത്രി റോഷി അഗസ്റ്റിനാകട്ടെ അസുഖകരമായ ചോദ്യങ്ങളോട് കടുത്ത ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്. എല്ലാം പാർട്ടി യോഗത്തിന് ശേഷം പറയാമെന്ന് ജോസ് പക്ഷത്തെ നേതാക്കൾ പറയുമ്പോൾ, മുന്നണിക്കകത്ത് കടുത്ത എതിർപ്പ് ജോസ് കെ മാണി ഉയർത്തുമെന്നുറപ്പാണ്. 

2015 ലെ ബജറ്റ് അവതരണ വേളയിൽ കേരള നിയമസഭാ കണ്ട ബഹളം ദേശീയശ്രദ്ധയിൽത്തന്നെ വന്നതാണ്. കാലം മാറി. കഥ മാറി. മുന്നണി ബന്ധങ്ങൾ മാറി. എന്നിട്ടും സഭയിൽ അന്ന് ഉണ്ടായ കോലാഹലത്തിന്‍റെ അലയൊലികൾ കേരള രാഷ്ട്രീയത്തിൽ ഇന്നും തുടരുന്നു. അന്ന് അക്രമം കാട്ടിയ എംഎൽഎമാർക്ക് എതിരായ കേസ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചു. രണ്ടു കോടതികളും ആവശ്യം തള്ളി. ഒടുവിൽ ഇതേ ആവശ്യവുമായി സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ എത്തുകയായിരുന്നു. മൈക്ക് വലിച്ചൂരി വലിച്ചെറി‌‌ഞ്ഞ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ വിചാരണ നേരിടണം എന്നാണു സുപ്രീം കോടതിയും പറഞ്ഞത്.

കേസിന്‍റെ വാദത്തിനിടെ കേരള സർക്കാരിന്‍റെ അഭിഭാഷകൻ പറഞ്ഞ ഒരു വാചകം ഇപ്പോൾ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ വലിയ കൊടുങ്കാറ്റുകൾ ഉയർത്തുമ്പോൾ ഇനിയെന്താകും സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ ഉയർത്തുന്ന വാദം എന്നതും ശ്രദ്ധേയമാണ്. കേരളത്തിലൊരു രാഷ്ട്രീയ സെറ്റിൽമെന്‍റുണ്ടായി എന്നതും, കേസ് പിൻവലിക്കണമെന്നതും സുപ്രീംകോടതിയിലടക്കം പറയാനാകുമോ എന്നതും കണ്ടറിയണം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios