Asianet News MalayalamAsianet News Malayalam

സ്കൂൾ തുറക്കലിന് മുന്നോടിയായി വിപുലമായ യോ​ഗങ്ങൾ വിളിച്ച് സർക്കാർ; നാളെ അധ്യാപക സംഘടനാ യോ​ഗം

ശനിയാഴ്ച രാവിലെ വിദ്യാർത്ഥി സംഘടനാ യോഗവും  ഉച്ചയ്ക്ക് സ്കൂൾ തൊഴിലാളി സംഘടനാ യോഗവും നടക്കും. ശനിയാഴ്ച്ച വൈകിട്ട് മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗം ചേരും. ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോ​ഗവും സർക്കാർ വിളിച്ചിട്ടുണ്ട്. 

govt convenes extensive meetings ahead of school reopening
Author
Thiruvananthapuram, First Published Sep 29, 2021, 5:45 PM IST

തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ (School) തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാർ (Government)  വിദ്യാർത്ഥി, അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു. നാളെയാണ് അധ്യാപക സംഘടനകളുടെ യോഗം. ശനിയാഴ്ച്ച വിദ്യാർത്ഥി സംഘടനാ യോഗം നടക്കും.

ശനിയാഴ്ച രാവിലെ വിദ്യാർത്ഥി സംഘടനാ യോഗവും  ഉച്ചയ്ക്ക് സ്കൂൾ തൊഴിലാളി സംഘടനാ യോഗവും നടക്കും. ശനിയാഴ്ച്ച വൈകിട്ട് മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരുടെ യോഗം ചേരും. ഞായറാഴ്ച എഇഒ, ഡിഇഒമാരുടെ യോ​ഗവും സർക്കാർ വിളിച്ചിട്ടുണ്ട്. 

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വാകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചതായി മന്ത്രി ആൻറണി രാജു അറിയിച്ചു.

അതേസമയം, അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നവംബ‍ർ ഒന്നിന് സ്കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്സിനേഷൻ ഫോക്കസ് അധ്യാപകരിലേക്ക് മാറ്റിയിരുന്നു. മുൻകൂട്ടി രജിസ്ട്രേഷന്‍ ഇല്ലാതെ സ്കൂൾ ജീവനക്കാർ നേരിട്ടെത്തിയാൽ തിരിച്ചറിയൽ കാർഡ് വെച്ചാണ് വാക്സിൻ നൽകുന്നത്. സംസ്ഥാനത്തെ സ്കൂളുകളിലാകെ 165,000 ലധികം അധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണുള്ളത്. അധ്യാപകരുടെ മാത്രം വാക്സിൻ 93 ശതമാനമെങ്കിലും പിന്നിട്ടെന്നാണ് കണക്ക്. ഇനിയുമെടുക്കാത്തവരുടെ കണക്കും സർക്കാരെടുക്കുന്നുണ്ട്.

പകുതി കുട്ടികൾ സ്കൂളിലെത്തുന്ന തീരുമാനമെടുത്താലും ചുരുങ്ങിയത് വിദ്യാർത്ഥികളും അധ്യാപകരുമടക്കം 25 ലക്ഷം പേരാണ് ഒറ്റദിവസം എത്തുക. ലോകാരോഗ്യസംഘടന അടക്കം കുട്ടികൾക്ക് വാക്സിൻ വേണ്ടെന്ന് പറയുമ്പോഴും രക്ഷിതാക്കളുടെ ആശങ്ക മാറിയിട്ടില്ല. എന്തായാലും വ്യാപനം സംബന്ധിച്ച് സംസ്ഥാനം എടുക്കാൻ പോകുന്ന ഏറ്റവും വലിയ റിസ്കായിരിക്കും സ്കൂൾ തുറക്കൽ. കുട്ടികളിൽ വാക്സിനേഷന്‍ എത്തിയില്ലെങ്കിലും സ്കൂൾ തുറക്കുന്നതിൽ പ്രശ്നമില്ലെന്ന് ഒരുവിഭാഗം ആരോഗ്യവിദഗ്ദർ പറയുമ്പോൾ സ്കൂളുകളിൽ നിന്ന് വ്യാപനമുണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കാണണമെന്ന മുന്നറിയിപ്പും ശക്തമാണ്.  ആദ്യ ആഴ്ചയിലെ സ്ഥിതി ഗതിനോക്കി ക്ലാസ് ക്രമീകരണത്തിൽ വേണ്ട മാറ്റം വരുത്തും. രക്ഷിതാക്കൾക്കും കുട്ടികൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകി മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ-ആരോഗ്യവകുപ്പ് തീരുമാനം.

Follow Us:
Download App:
  • android
  • ios