Asianet News MalayalamAsianet News Malayalam

കര്‍ഷക നിയമത്തിനെതിരെ പ്രമേയവുമായി സര്‍ക്കാര്‍ മുന്നോട്ട്: ജനുവരി എട്ടിന് നിയമസഭയിൽ അവതരിപ്പിക്കും

 കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മാത്രമുള്ള അടിയന്തര സാഹചര്യം ഇല്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്ന്  മുഖ്യമന്ത്രി.  

Govt to introduce resolution against farmers law on January 8 in assembly
Author
Thiruvananthapuram, First Published Dec 22, 2020, 9:26 PM IST

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക പ്രമേയം പാസാക്കാനുള്ള നീക്കം ഗവര്‍ണര്‍ തടഞ്ഞെങ്കിലും പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽ കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം വിഎസ് സുനിൽ കുമാര്‍ പ്രഖ്യാപിച്ചത്. 

പ്രത്യേക നിയമസമ്മേളനത്തിന് അനുമതി നിഷേധിക്കുക വഴി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുകയാണ്. കാര്‍ഷിക നിയമത്തിനെ എതിര്‍ത്തും ഇതിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണച്ചും തിരുവനന്തപുരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും ഈ സമരത്തിൽ മന്ത്രിമാര്‍ ഉൾപ്പെടെ പങ്കെടുക്കുമെന്നും വി.എസ്.സുനിൽ കുമാര്‍ അറിയിച്ചു. 

ഇതൊരു ഫെഡറൽ റിപബ്ലിക്കാണ് ബനാനാ റിപബ്ലിക്കല്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമം കേരളത്തിൽ നടപ്പാക്കില്ല. കാര്‍ഷിക നിയമത്തിൽ ബദൽ നിയമ നിർമ്മാണം നടത്തുന്ന കാര്യവും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗവർണർ പദവിയെ രാഷ്ട്രീയ ചട്ടുകമാക്കുകയാണ് കേന്ദ്ര സർക്കാരെന്നും വി.എസ്.സുനിൽ കുറ്റപ്പെടുത്തി. 

അതേസമയം നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. അതിരൂക്ഷ വിമര്‍ശനമാണ് കത്തിൽ മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ഉന്നയിച്ചത്. കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മാത്രമുള്ള അടിയന്തര സാഹചര്യം ഇല്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്ന് കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.  

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ്  സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ വലിയ ഉത്കണ്ഠയുണ്ട്. 

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ തള്ളിയ ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണ്. സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാധികാരം ഇല്ല.  രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന് പഞ്ചാബ് സംസ്ഥാനവും ഷംസീർ സിങും തമ്മിലുള്ള കേസിൽ ( 1975 ) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

നിയമസഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അത് അനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സർക്കാരിയ കമ്മീഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മീഷൻ ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കുവാൻ മന്ത്രിസഭ ശുപാർശ ചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണെന്നും കത്തിൽ മുഖ്യമന്ത്രി ഗവര്‍ണറെ ഓര്‍മ്മിപ്പിക്കുന്നു. 

ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് കർഷകബില്ലിനെതിരെ സംയുക്തപ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തത്. കൊവിഡ് സാഹചര്യത്തിൽ ഒരു മണിക്കൂർ മാത്രം നീളുന്ന പ്രത്യേക സമ്മേളനം ചേരാനായിരുന്നു സർക്കാർ ഉദ്ദേശിച്ചത്. കക്ഷി നേതാക്കൾക്ക് മാത്രം സമ്മേളനത്തിൽ സംസാരിക്കാൻ അനുമതി നൽകിയാൽ മതിയെന്നും ധാരണയായിരുന്നു.

സമ്മേളനം വിളിച്ചു കൂട്ടാനുള്ള സർക്കാർ ശുപാർശ ലഭിച്ച രാജ്ഭവൻ ഇതേക്കുറിച്ച് വിശദീകരണം തേടി. കൊവിഡ് കാലത്ത് നിയമസഭാ സമ്മേളനം വിളിക്കാനുള്ള എന്ത് അടിയന്തരസാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് പ്രധാനമായും രാജ്ഭവൻ ചോദിച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവന് മറുപടി നൽകിയെങ്കിലും ഗവർണർ തൃപ്തനായില്ല. ഉച്ചയോടെ കൃഷിമന്ത്രി വിഎസ് സുനിൽകുമാർ നേരിട്ട് രാജ്ഭവനിലെത്തുകയും കാർഷിക ബിൽ കേരളത്തിലെ കർഷകരെ ഗുരുതരമായി ബാധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും മന്ത്രിയുടെ വാദങ്ങളും തള്ളിയാണ് രാജ്ഭവൻ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചത്.

കേരളപര്യടനത്തിൻ്റെ ആദ്യദിന പരിപാടികളിലായിരുന്ന മുഖ്യമന്ത്രി ഗവര്‍ണറുടെ തീരുമാനം അറിഞ്ഞതിന് പിന്നാലെ ക്ലിഫ് ഹൗസിൽ തിരിച്ചെത്തി. പിന്നാലെ കൃഷി മന്ത്രി വിഎസ് സുനിൽ കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് ഗവര്‍ണര്‍ നേരത്തെ അനുമതി നൽകിയ ജനുവരി എട്ടിലെ നിയമസഭാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചത്. 

ബുധനാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനുള്ള അനുമതി ഗവര്‍ണര്‍ നൽകും എന്നായിരുന്നു അവസാനനിമിഷം വരെ പ്രതീക്ഷിച്ചതെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽ കുമാര്‍ പറഞ്ഞു. വൈകിട്ട് അഞ്ച് മണിവരെ രാജ്ഭവനിൽ നിന്നും ഞങ്ങൾ അനുമതി പ്രതീക്ഷിച്ചിരുന്നു. ഇതുവരെ ഇങ്ങനെയൊരു സാഹചര്യം ഇന്ത്യയിലുണ്ടായിട്ടില്ല. ഒരു രാജ്യം ഒരു നിയമം ഒരു പാർലമെൻ്റ എന്നു പറയുന്നത് നാം ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കണം എന്നാണ്. ഭരണഘടനപരമായി പ്രവർത്തിക്കേണ്ട അസംബ്ലികളുടെ പ്രവർത്തനം തടയാൻ ആർക്കും അധികാരമില്ല. ഇക്കാര്യത്തിൽ എന്തു തുടർനടപടി സ്വീകരിക്കണമെന്നത് മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം കൂടിയാലോചന നടത്തി തീരുമാനിക്കും. പറയാനുള്ള കാര്യങ്ങൾ പറയാതിരിക്കാൻ സർക്കാരിന് പറ്റില്ല - കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.

മുഖ്യമന്ത്രിയും കക്ഷിനേതാക്കളും കൂടിയാലോചിച്ച് വേണം ഇക്കാര്യത്തിൽ തീരുമാനം വേണ്ടത്. ഗവർണർ അനുമതി നൽകാത്ത പക്ഷം നിയമസഭാ വിളിച്ചു കൂട്ടാൻ പറ്റില്ല. സ്വാഭാവികമായും അതു നിയമയുദ്ധത്തിലേക്ക് പോകും. എന്നാൽ ഇക്കാര്യത്തിൽ പാലിക്കേണ്ട അടിസ്ഥാന നയങ്ങളെപ്പറ്റി സുപ്രീംകോടതിയടക്കം നേരത്തെ പലവട്ടം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് വേണം ഗവർണർ നിയമസഭ വിളിച്ചു ചേർക്കാൻ. സാധാരണ ഗതിയിൽ മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ഗവർണർ മെനക്കെടാറില്ല. സംസ്ഥാന സർക്കരിൻ്റേയും നിയമസഭയുടേയും തീരുമാനത്തെ മാനിക്കുകയാണ് ഗവർണർ ചെയ്യേണ്ടത് - ഗവർണറോട് തീരുമാനത്തോട് പ്രതികരിച്ചു കൊണ്ട് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. 

ഗവർണറുടെ നിലപാട് ഭരണഘടനാ ലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. നിയമസഭയുടെ താഴത്തെ ഹാളിൽ യോഗം ചേർന്ന് ഇതിനെതിരെ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗവർണറുടെ നടപടി അവിശ്വസനീയമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ പ്രതികരിച്ചു. 

ബിജെപിയുടെ രാഷ്ട്രീയ തീരുമാനം സംരക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് വിമർശിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിക്കുന്ന ഗവർണർ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന് വിഡി സതീശൻ എംഎൽഎ പറഞ്ഞു. ഗവർണർക്കെതിരെ പ്രതികരിക്കാൻ സർക്കാരിന് ഭയമാണെന്നും അദേഹം വിമർശിച്ചു. ഗവർണറുടെ നടപടി ചർച്ച ചെയ്യാനും തുടർനടപടികൾ സ്വീകരിക്കാനും നാളെ യുഡിഎഫിൻ്റെ പാർലമെൻ്ററി പാർട്ടിയോഗം ചേരുന്നുണ്ട്. ഗവർണർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതായുള്ള അറിയിപ്പിൽ സർക്കാരിൻ്റെ നിലപാടിന് വിശദമായ മറുപടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയത്. നിയമസഭയുടെ അടിയന്തര സമ്മേളനം ചേരാനുള്ള എന്ത് പ്രത്യേക സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗവർണർ സർക്കാരിനോട് ചോദിക്കുന്നു. ജനുവരി 8 മുതൽ നിയമസഭ സമ്മേളനത്തിന് നേരത്തെ അനുമതി നൽകിയിട്ടുണ്ട്.  അതിനിടെ ഇപ്പോൾ  നിയമസഭ ചേരേണ്ട അടിയന്തിര സാഹചര്യം ഇല്ല. സർക്കാർ പ്രമേയം കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന കാർഷിക നിയമ ഭേദഗതി നിലവിൽ വന്നു മാസങ്ങളായെന്നും ഗവർണർ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം  ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ജനുവരി 8 ന് ബജറ്റ് സമ്മേളനം ചേരാനിരിക്കെ പ്രത്യേക സമ്മേളനം ചേരേണ്ടതില്ലെന്നാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  വ്യക്തമാക്കിയത്. പ്രത്യേക സമ്മേളനം ചേരാൻ അടിയന്തിര സാഹചര്യം സംസ്ഥാനത്തില്ലെന്ന ഗവർണറുടെ വിലയിരുത്തൽ തീർത്തും ശരിയാണ്. പ്രത്യേക സമ്മേളനത്തിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഇതിന് പിന്തുണ  നൽകുകയാണ് പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്സെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. 

പാർലമെൻ്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച് നിയമമാക്കിയ കാർഷിക പരിഷ്കരണം നിയമം തള്ളിക്കൊണ്ട് പ്രമേയം കൊണ്ടു വരാനുള്ള നീക്കം തടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി സ്വാഗതാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണ-പ്രതിപക്ഷ സഖ്യത്തിൻ്റെ നീക്കം ഭരണഘടനാവിരുദ്ധമാണ്. രാജ്യത്തിൻ്റെ ഫെഡറലിസത്തിൻ്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമം തകർത്ത ഗവർണറുടെ നിലപാട് സുധീരമാണെന്ന് ബിജെപി എം.എൽ.എ ഒ.രാജഗോപാൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios