എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ താന്‍ മന്ത്രിയായേക്കില്ലെന്ന് സൂചന നല്‍കി ജി ആര്‍ അനില്‍. നെടുമങ്ങാട് മണ്ഡലത്തില്‍ കടുത്ത ത്രികോണ മത്സരം നേരിടുകയാണ് അദ്ദേഹം.

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും മന്ത്രിയായേക്കില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. പാര്‍ട്ടിയുടെ ഇപ്പോഴത്തെ രീതി അതാണ്. മന്ത്രിയായിരിക്കുന്നതും സാധാരണ ജനപ്രതിനിധിയായിരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന് തിരിച്ചറിഞ്ഞയാളാണ് താനെന്നും മന്തി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി ആര്‍ അനില്‍. മാധ്യമപ്രവര്‍ത്തകര്‍ക്കായി നിംസ് ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍, നിംസ് മെഡിസിറ്റിയിലെ ഡോ.എം ഷഹബാസ് സൈലു, പിആര്‍ഒ സരിന്‍ എന്നിവര്‍ സംസാരിച്ചു.

അതേസമയം, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്. തിരുവനന്തപുരം ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. സി.പി.ഐയുടെ ഉറച്ച കോട്ടകളിലൊന്നായ നെടുമങ്ങാട് മണ്ഡലത്തിൽ ഇത്തവണ ജി ആർ അനിലിനെതിരെ അട്ടിമറി ലക്ഷ്യമിട്ടാണ് യു.ഡി.എഫും എൻ.ഡി.എയും പോരിനിറങ്ങുന്നത്.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയെക്കൂടാതെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നെടുമങ്ങാട് മണ്ഡലം. പരമ്പരാഗതമായി ഇടതുപക്ഷത്തേയ്ക്ക് ചാഞ്ഞുനിൽക്കുന്ന മണ്ഡലമാണെങ്കിലും യുഡിഎഫിനും ഇവിടെ ശക്തമായ സ്വാധീനമുണ്ട്. 2025 ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നഗരസഭയിൽ എൽ.ഡി.എഫ് വൻ വിജയമാണ് നേടിയത്. ആകെ 42 വാർഡുകളിൽ 29 ഇടത്തും എൽഡിഎഫ് വിജയിച്ചു. യു.ഡി.എഫ് 10 വാർഡുകളും ബി.ജെ.പി 3 വാർഡുകളും മാത്രമാണ് വിജയിച്ചത്.

തന്റെ വികസന പ്രവർത്തനങ്ങളും ഭക്ഷ്യവകുപ്പിലെ നേട്ടങ്ങളും മുൻനിർത്തിയായിരുന്നു ജി ആർ അനിലിന്റെ പ്രചാരണം. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.ഐ വിട്ടെത്തിയ മീനാങ്കൽ കുമാറിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരവും പ്രാദേശിക പ്രശ്നങ്ങളുമാണ് ഇടതുപക്ഷത്തിനെതിരെ യു.ഡി.എഫ് പ്രചാരണായുധമാക്കിയത്. മറുഭാ​ഗത്ത് ബി.ജെ.പിയുടെ യുവനേതാവായ യുവരാജ് ​ഗോകുലാണ് പോരിനിറങ്ങുന്നത്. നഗരസഭാ പരിധിയിലെ സ്വാധീനമുപയോഗിച്ച് ഇത്തവണ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.