മണ്ണെണ്ണ വില 28 രൂപ കൂട്ടിയത് ക്രൂരം. മൽസ്യത്തൊഴിലാളികളെ ഇത് രൂക്ഷമായി ബാധിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: ഹോട്ടലുകളിലെ അമിത വിലയ്ക്ക് എതിരെ നടപടി എടുക്കുമുന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ (G R Anil). കഴിഞ്ഞയാഴ്ച്ച നടന്ന യോഗത്തില്‍ കളക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു. മണ്ണെണ്ണ വില 28 രൂപ കൂട്ടിയ കേന്ദ്രനടപടി ക്രൂരം. മൽസ്യത്തൊഴിലാളികളെ ഇത് രൂക്ഷമായി ബാധിക്കും. വില വർധനയിൽ നേരത്തെ രണ്ട് തവണ പെട്രോളിയം മന്ത്രിക്ക് കത്തെഴുതിയിരുന്നെന്നും മന്ത്രി പറഞ്ഞു.

'അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ല്'; ഹോട്ടലിനെതിരെ പരാതിയുമായി എംഎല്‍എ
ആലപ്പുഴ: അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതി നല്‍കി ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്‍ (PP Chitharanjan). ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില ഇടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ (Hotels) നടപടിയെടുക്കാനാണ് എംഎല്‍എയുടെ (Alappuzh MLA) പരാതി.
ഇന്നലെ കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം എംഎൽഎ വിവരിക്കുന്നു.
‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’
ജില്ല കളക്ടര്‍ക്കാണ് എംഎല്‍എ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് എംഎൽഎയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നല്‍കിയതായി ജില്ല കളക്ടര്‍ രേണു രാജ് അറിയിച്ചു. അതേസമയം മന്ത്രി ആരോപണം ഉന്നയിച്ച ഹോട്ടല്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്ത് എത്തി. അമിതവില ഈടാക്കിയിട്ടില്ലെന്നും ഭക്ഷണം തയാറാക്കി വിൽക്കുന്നതിനുള്ള ചെലവിന് ആനുപാതികമായി മാത്രമേ വില ഈടാക്കുന്നുള്ളൂവെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.
