ആലപ്പുഴ: പോളിയോ തുള്ളിമരുന്ന് വിതരണത്തോട് ഒരു വിഭാഗം രക്ഷിതാക്കള്‍ മുഖം തിരിച്ചതോടെ സംസ്ഥാനത്തെ 490645 കുട്ടികള്‍ക്ക് മരുന്ന് നല്‍കാനായില്ല. ആരോഗ്യ വകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കാതിരുന്നതോടെയാണ് സംഭവം. പോളിയോ തുള്ളിമരുന്ന് വിതരണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലുള്ളത് മലപ്പുറം ജില്ലയാണ്. മലപ്പുറം ജില്ലയിലെ 54 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് തുള്ളിമരുന്ന് നല്‍കാനായി രക്ഷിതാക്കള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചത്. ജില്ലയിലെ 46 ശതമാനം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനായില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

കേരളത്തിലെ 2450477 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനായിരുന്നു ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 1959832 കുട്ടികള്‍ക്ക് മാത്രമാണ് മരുന്ന് നല്‍കാനായത്. സംസ്ഥാനത്തെ ആകെ കുട്ടികളുടെ 80 ശതമാനം മാത്രമാണ് കെഎസ്ആര്‍ടിസി, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍ വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി ക്രമീകരിച്ച 23466 ബൂത്തുകളിലെത്തിയത്. 

മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് എന്നീ ജില്ലകളാണ് തുള്ളിമരുന്നിനോട് വ്യാപകമായി മുഖം തിരിച്ചത്. അതേസമയം ഇടുക്കി, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകള്‍ തുള്ളിമരുന്ന് വിതരണത്തില്‍ 90 ശതമാനം കടന്നു. വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിനോടും മുഖം തിരിക്കുന്ന രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 

നൂറുശതമാനം പാര്‍ശ്വഫലമില്ലാത്തതും സുരക്ഷിതവുമാണ് പോളിയോ തുള്ളിമരുന്നെന്ന് ആരോഗ്യ വകുപ്പ് വിശദമാക്കി. ആജീവനാന്തം കൈകാലുകള്‍ തളര്‍ത്തുന്ന രോഗത്തെയാണ് ഇതിലൂടെ പ്രതിരോധിക്കുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

പോളിയോ വിതരണം ജില്ല തിരിച്ചുള്ള കണക്ക് ശതമാനത്തില്‍

തിരുവനന്തപുരം 96 
കൊല്ലം 90 
പത്തനംതിട്ട 87
ആലപ്പുഴ 89 
കോട്ടയം 88 
ഇടുക്കി 98 
എറണാകുളം 92 
തൃശ്ശൂർ 88 
പാലക്കാട് 77 
മലപ്പുറം 54 
കോഴിക്കോട് 80 
വയനാട് 79 
കണ്ണൂർ 82
കാസർകോട് 71