തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഗർഭിണികൾക്ക് പ്രവേശനം നൽകുന്നതിന് സംസ്ഥാന സർക്കാർ പുതിയ മാനദണ്ഡം ഇറക്കി. ഗർഭിണികൾ മതിയായ ചികിത്സാ രേഖകൾ കൈവശം സൂക്ഷിക്കണം. പോകാനുദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറുടെ അനുമതി മുൻകൂർ വാങ്ങണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ.

അംഗീകാരമുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ ചികിത്സാർഥം സമീപിച്ചതിന്റെ രേഖകൾ ഗർഭിണികൾ കൈവശം സൂക്ഷിക്കണം. റോഡ് മാർഗം യാത്ര ചെയ്യുന്നതിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന ഡോക്ടറുടെ സാക്ഷ്യപത്രവും പ്രസവത്തീയതിയും രേഖകളിലുണ്ടാകണം. താമസസ്ഥലത്തെ അധികൃതർ നൽകിയ അനുമതി പത്രവും യാത്രക്കാരിയുടെ കയ്യിലുണ്ടാകണം. ഗർഭിണിക്കൊപ്പം വാഹനത്തിന്റെ ഡ്രൈവറുൾപ്പടെ മൂന്നു പേർക്ക് മാത്രമേ സഞ്ചരിക്കാനാകൂ. പ്രായപൂർത്തിയാകാത്ത കുട്ടി ഒപ്പം സഞ്ചരിക്കുന്നുണ്ടെങ്കിൽ പ്രത്യേകം അനുമതി വേണം.

ചികിത്സ ആവശ്യങ്ങൾക്കും ബന്ധുക്കളുടെ മരണത്തിനും കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് യാത്രാനുമതി നൽകുന്നത് സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളുണ്ട്. പോകാനുദ്ദേശിക്കുന്ന സ്ഥലത്തെ ജില്ലാകളക്ടറുടെ അനുമതി അവർക്കും ആവശ്യമാണ്.