ഉച്ചകഴിഞ്ഞ് 2 മണിക്കു ശേഷം വെർച്വൽ ക്യൂവിൽ ഉള്ളവർക്ക് മുൻഗണന നൽകി മറ്റുള്ളവർക്കും ദർശനം അനുവദിക്കും. ഇന്നലെ പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ 9 വരെ തുറന്നിരിക്കും
തൃശ്ശൂർ: ഗുരുവായൂർ ഏകാദശി (Guruvayoor Ekadasi) ഇന്ന്. ക്ഷേത്രത്തിൽ ഇന്ന് വിഐപി ദർശനമില്ല. ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല. ഓൺലൈൻ ബുക്ക് ചെയ്തവർക്ക് മാത്രമാകും പ്രവേശനം.
ഉച്ചകഴിഞ്ഞ് 2 മണിക്കു ശേഷം വെർച്വൽ ക്യൂവിൽ ഉള്ളവർക്ക് മുൻഗണന നൽകി മറ്റുള്ളവർക്കും ദർശനം അനുവദിക്കും. ഇന്നലെ പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട ദ്വാദശി ദിവസമായ ബുധനാഴ്ച രാവിലെ 9 വരെ തുറന്നിരിക്കും. പതിവ് പൂജ, ദീപാരാധന ചടങ്ങുകൾക്ക് മാത്രമാകും നട അടയ്ക്കുക.
എന്താണ് ഗുരുവായൂർ ഏകാദശി
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂർ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്.
ഐതിഹ്യപ്രകാരം വൈകുണ്ഠനാഥനാൽ തന്നെ നിർമ്മിയ്ക്കപ്പെട്ടതും, ബ്രഹ്മാവ്, സുതപസ്സ്, കശ്യപൻ, വസുദേവർ എന്നിങ്ങനെ പോയി ഒടുവിൽ ശ്രീകൃഷ്ണഭഗവാന്റെ തന്നെയും പൂജയേറ്റുവാങ്ങിയതുമായ പാതാളാഞ്ജനനിർമ്മിതമായ വിഷ്ണുവിഗ്രഹം, ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയത് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിനാളിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കുരുക്ഷേത്ര യുദ്ധത്തിനിടയിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേർതട്ടിൽ തളർന്നിരുന്ന അർജ്ജുനന് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ, ഗീതാദിനമായും ഇത് ആചരിയ്ക്കപ്പെടുന്നു. കേരളത്തിൽ സ്വന്തമായി ഏകാദശി ആഘോഷങ്ങളുള്ള അപൂർവ്വം വൈഷ്ണവക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം.
