തൃശ്ശൂർ: ഇന്ന് ശ്രീകൃഷ്ണ ജയന്തി. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിക്കും. ഓൺലൈനായി ബുക്ക് ചെയ്യുന്ന ആയിരം പേർക്കാണ് ദിവസേന ദർശനം അനുവദിക്കുക. നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. കൃഷ്ണനാട്ടം, തുലാഭാരം തുടങ്ങിയ വഴിപാടുകൾക്ക് ഇന്നുമുതൽ തുടക്കമാകും. കൊവിഡ് പ്രോട്ടോക്കോളിനെ തുടർന്ന് അഷ്ടമി രോഹിണി ദിനത്തിലെ ശോഭയാത്ര
ഒഴിവാക്കിയിട്ടുണ്ട്.

ആറന്മുളയിൽ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അഷ്ടമിരോഹിണി വള്ളസദ്യ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാണ് നടക്കുക. ചടങ്ങുകളിലേക്ക് ഭക്ത‍ക്ക് പ്രവേശനം ഇല്ല. ആകെ 32 പേർ‍ക്ക് മാത്രമാണ് സമൂഹ വള്ളസദ്യയിൽ പ്രവേശനം. ഇതിൽ 24 പേരും പള്ളിയോടത്തിൽ വരുന്നവരാണ്. ബാക്കിയുള്ളവർ ദേവസ്വം ബോർഡ് ഭാരവാഹികളും പള്ളിയോട സേവ സംഘം ഭാരവാഹികളുമാണ്. ളാക ഇടയാറൻമുള പള്ളിയോടത്തിൽ മധ്യമേഖലയിൽ നിന്നുള്ള കരക്കാരാണ് സമൂഹ വള്ളസദ്യയിൽ പങ്കെടുക്കുക. പതിവിന് വിപരീതമായി ക്ഷേത്ര പരിസരത്തിന് പുറത്താണ് വള്ളസദ്യ നടക്കുന്നത്.