തിരുവനന്തപുരം: വിവാദമായ ഹരിഹരിവർമ കൊലപാതകക്കേസിൽ ആദ്യ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. അഞ്ചാം പ്രതി ജോസഫിനെ വെറുതെവിട്ടു. ആറാം പ്രതി ഹരിദാസിനെ കീഴ്ക്കോടതി വെറുതെ വിട്ടത് ചോദ്യം ചെയ്തുളള ഹ‍ർജി ഹൈക്കോടതി തളളി. തലശ്ശേരി സ്വദേശികളായ ജിതേഷ്, രഖിൽ, കുറ്റ്യാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാഗേഷ് എന്നിവരുടെ ജീവപര്യന്തം ശിക്ഷയാണ് ശരിവെച്ചത്. രത്ന വ്യാപാരത്തിനായി ഹരിഹരവർമയെ സമീപിച്ച സംഘം കൊലപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിന് സമീപം സ്വന്തം സുഹൃത്തിന്റെ വീട്ടിൽ വച്ച് ഡിസംബര്‍ 24ന് രാവിലെയാണ് ഹരിഹരവര്‍മ്മ കൊല്ലപ്പെടുന്നത്. രത്നവ്യാപാരിയാണെന്നും രാജകുടുംബാംഗമാണെന്നും വിശ്വസിപ്പിച്ച് ഇയാൾ കാണിച്ച രത്നങ്ങൾ വാങ്ങാനെത്തിയവരാണ് ഇയാളെ കൊലപ്പെടുത്തിയത്. രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ ഹരിഹര വർമ്മയെ ക്ലോറോഫോം മണപ്പിച്ച് ശേഷം കടന്നുകളഞ്ഞെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ക്ലോറോഫോം അധികമായതിനാലാണ് വർമ്മ മരിച്ചത്. പക്ഷേ ഹരിഹര വർമ്മയാരെന്നോ ഭൂതകാലം എന്തെന്നോ കണ്ടെത്താനാവാതെ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

വര്‍മ്മയുടെ പക്കല്‍ ഉണ്ടായിരുന്നത് 65 മുത്ത്, 16 പവിഴം, 73 മരതകം, 22 വൈഡൂര്യം, നാല് മാണിക്യം. അഞ്ച് ഇന്ദ്രനീലം, 29 പുഷ്യരാഗം, എന്നിവയ്ക്ക് പുറമെ ക്യാറ്റ്‌സ്‌റ്റോണ്‍, എമറാള്‍ഡ് തുടങ്ങിയ രത്‌നങ്ങളാണ്. ആദ്യം രത്നങ്ങൾ വ്യാജമാണെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കോടികൾ മതിക്കുന്ന രത്നങ്ങളാണിതെന്ന് വ്യക്തമായി.

വർമ മാവേലിക്കര രാജകുടുംബാംഗമായിരുന്നുവെന്നായിരുന്നു ആദ്യം പ്രചരിപ്പിക്കപ്പെട്ടത്.. മാവേലിക്കര രാജകുടുംബം ഇത് നിഷേധിച്ചു. തുടർന്ന് പൂഞ്ഞാര്‍ രാജകുടുംബാംഗമെന്നായി പ്രചരണം. അതും ശരിയല്ലെന്ന് കണ്ടെത്തി. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണെന്ന് വരെ സംശയമുയർന്നു. മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ വരെ നടന്നെങ്കിലും ഇതുവരെ ഇദ്ദേഹം ആരാണെന്ന് മനസിലായിട്ടില്ല. 

ഹരിഹരവര്‍മ്മയുടെ രണ്ട് ഭാര്യമാര്‍ക്കും ഇയാളാരാണെന്ന് വ്യക്തമായി അറിയില്ല. ഇദ്ദേഹത്തിന്റെ എല്ലാ തിരിച്ചറിയല്‍ രേഖകളും വ്യാജമാണെന്നും പോലീസ്‌ കണ്ടെത്തി. കോയമ്പത്തൂര്‍ റേസ്‌കോഴ്‌സ്‌ ക്ലബ്ബിനടുത്തെ വ്യാജവിലാസത്തില്‍ വര്‍മ്മ പാസ്‌പോര്‍ട്ട്‌ എടുത്തിരുന്നു. ഹരിഹരവർമ്മയുടെ വ്യക്തമായ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുപോലും ആരും അദ്ദേഹത്തിനെ കുറിച്ച് കൂടുതൽ വിവരം നൽകിയില്ല.