Asianet News MalayalamAsianet News Malayalam

ഹാരിസിന്റെ മരണം: ബന്ധുക്കളുടെയും മരണസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും

സംഭവത്തിൽ മെഡിക്കൽ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നു. മരണം ജീവനക്കാരുടെ അനാസ്ഥ കാരണമല്ലെന്ന കളമശേരി മെഡിക്കൽ കോളേജിന്റെ വാദമാണ് തള്ളിയത്

Haris death row Police to record statement of relatives and staff
Author
Kalamassery, First Published Oct 21, 2020, 8:52 AM IST

കൊച്ചി: കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായോ എന്നാണ് അന്വേഷണം. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണസമയത്ത് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. മരണസമയത്ത് ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേരുടെയും വിവരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരിസിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് പൊലീസിനെ സമീപിച്ചത്.

അതേസമയം സംഭവത്തിൽ മെഡിക്കൽ കോളേജിന്റെ വാദം തള്ളി മരിച്ച ഹാരിസിന്റെ കുടുംബം രംഗത്ത് വന്നു. മരണം ജീവനക്കാരുടെ അനാസ്ഥ കാരണമല്ലെന്ന കളമശേരി മെഡിക്കൽ കോളേജിന്റെ വാദമാണ് തള്ളിയത്. ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ഇതുവരെയും മെഡിക്കൽ കോളേജ് അധികൃതർ തങ്ങളോട് പറഞ്ഞിരുന്നില്ല. ശ്വാസകോശത്തിൽ അണുബാധയെന്നാണ് അറിയിച്ചത്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടർമാരോ പറഞ്ഞിരുന്നില്ല. ഉടനെ ഐസിയുവിൽ നിന്നും മാറ്റാനാകുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ്  മരണം സംഭവിച്ചത്. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ നീക്കമെന്നും കുടുംബം കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios