Asianet News MalayalamAsianet News Malayalam

വനിതാ കമ്മീഷന് നൽകിയ പരാതി ഹരിത പിന്‍വലിക്കില്ല; ലീഗിന്റെ നിർദ്ദേശം തള്ളി

ആരോപണം ഉന്നയിച്ച ഹരിത പ്രവര്‍ത്തകരുമായും ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളുമായും ചര്‍ച്ച ചെയ്ത് പാര്‍ട്ടി പ്രഖ്യാപിച്ച തീരുമാനമാണ് ഹരിത തളളിക്കളഞ്ഞത്. 

haritha refuses to bend down will not withdraw complaint against msf leaders
Author
Kozhikode, First Published Sep 1, 2021, 12:42 PM IST

കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന മുസ്ലിം ലീഗ് നിര്‍ദ്ദേശം തളളി ഹരിത. പരാതി പിന്‍വലിക്കുമെന്ന് വ്യക്തമാക്കി ലീഗ് നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും ഹരിത ഇത് പാലിക്കാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികളെന്ത് വേണമെന്ന കാര്യത്തില്‍ ഉന്നതാധികാര സമിതി  തീരുമാനമെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലൈംഗീക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയില്ലാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടിലാണ് ഹരിത.

പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിലുണ്ടായ ചേരിപ്പോരും ലൈംഗീകാധിക്ഷേപവും പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയാവുകയും പാര്‍ട്ടിക്ക് നാണക്കേടാവുകയും ചെയ്തിട്ടും വിഷയം പരിഹരിക്കാന്‍ ലീഗിനാകുന്നില്ല. ആരോപണം ഉന്നയിച്ച ഹരിത പ്രവര്‍ത്തകരുമായും ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളുമായും ചര്‍ച്ച ചെയ്ത് പാര്‍ട്ടി പ്രഖ്യാപിച്ച തീരുമാനമാണ് ഹരിത തളളിക്കളഞ്ഞത്. 

വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗീക അധിക്ഷേപം നടത്തിയ പി കെ നവാസ് അടക്കമുളള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഹരിത. ഫലത്തില്‍ ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം കഴിഞ്ഞയാഴ്ച ഇറക്കിയ വാര്‍ത്താക്കുറിപ്പ് പരിഹാസ്യമായി. 

പാർട്ടി തീരുമാനമെടുത്തിട്ടും ഹരിത അത് പാലിച്ചിട്ടില്ലെന്നും ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഈ സാഹചര്യത്തില്‍ വിഷയം ഉടന്‍ ചേരാനിരിക്കുന്ന ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്യാനാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പി കെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നില്‍ക്കുകയാണ്. 

വനിത കമ്മീഷന്‍റെ നിര്‍ദ്ദേശാനുസരണം വെളളയില്‍ പൊലീസ് ഹരിതയുടെ പരാതിയില്‍ അന്വേഷണം തുടരുകയുമാണ്. ഇത് പരിഗണിച്ചാണ് വിഷയം ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്യാനുളള ലീഗ് തീരുമാനം. പ്രവര്‍ത്തക സമിതിക്ക് മുന്നോടിയായി പാര്‍ട്ടി നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പത്തംഗ ഉപസമിതി റിപ്പോര്‍ട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പമാകും ഹരിത വിഷയവും ചര്‍ച്ച ചെയ്യുക.

Follow Us:
Download App:
  • android
  • ios