Asianet News MalayalamAsianet News Malayalam

ഉത്തരവ് നടപ്പാക്കാന്‍ വൈകി; വ്യവസായ വകുപ്പ് ഡയറക്ടര്‍ 'മരങ്ങള്‍ നടട്ടെ'യെന്ന് ഹൈക്കോടതി

വിൽപ്പന നികുതി ഇളവുമായി ബന്ധപ്പെട്ട് വ്യവസായി നൽകിയ അപേക്ഷ തീർപ്പാക്കാൻ കാലതാമസം വരുത്തിയ സംഭവത്തിലാണ് ജസ്റ്റിസ് അമിത് റാവല്‍ വേറിട്ട ശിക്ഷ വിധിച്ചത്. 
 

hc directs industries department director k biju to plant 100 trees
Author
Cochin, First Published Feb 14, 2020, 5:55 PM IST

കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കാൻ കാലതാമസം വരുത്തിയ വ്യവസായ വകുപ്പ് ഡയറക്ടർ കെ ബിജു  നൂറ് മരം നട്ടുപിടിപ്പിക്കണമെന്ന്   ഹൈക്കോടതി. വിൽപ്പന നികുതി ഇളവുമായി ബന്ധപ്പെട്ട് വ്യവസായി നൽകിയ അപേക്ഷ തീർപ്പാക്കാൻ കാലതാമസം വരുത്തിയ സംഭവത്തിലാണ് ജസ്റ്റിസ് അമിത് റാവല്‍ വേറിട്ട ശിക്ഷ വിധിച്ചത്. 

വിൽപ്പന നികുതി ഇളവിനായി എസ് എസ് കെമിക്കൽ എന്ന സ്ഥാപനം നൽകിയ അപേക്ഷയിൽ വ്യവസായ വകുപ്പ് ഡയറക്ടർ കൺവീനറായ സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ   തീരുമാനം വൈകിയതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്. 2001ലാണ് വിൽപ്പന നികുതി ഇളവിനായി  കമ്പനി സർക്കാരിനെ സമീപിച്ചത്. എന്നാൽ വ്യവസായ വകുപ്പിന്‍റെ ജില്ലാ സമിതിയും സ്റ്റേറ്റ് ലെവൽ കമ്മിറ്റിയും അപേക്ഷ   തള്ളി. പിന്നാലെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. കമ്പനിയുടെ അപേക്ഷയിൽ വാദം കേൾക്കാനും തീ‍ർപ്പുണ്ടാക്കാനും കോടതി നിർദ്ദേശിച്ചു. ഇതിനായി പുതിയ അപേക്ഷ സമർപ്പിക്കാൻ കമ്പനിയ്ക്ക് കോടതി നിർദ്ദേശം നൽകി. അഞ്ച് ലക്ഷം രൂപ സർക്കാരിൽ കെട്ടിവെക്കാനും ആവശ്യപ്പെട്ടു.  

2003 മുതൽ 2016 വരെ എട്ട് തവണ സ്റ്റേറ്റ് ലെവൽ കമ്മിറ്റി പ്രശ്ന പരിഹാരത്തിന്  സിറ്റിംഗ് നടത്തിയിട്ടും കമ്മിറ്റി ഉത്തരവുകൾ പാസാക്കിയില്ല. നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെട്ട കെമിക്കലിന് നികുതി ഇളവ് നൽകുന്നതിലെ ആശയക്കുഴപ്പമായിരുന്നു കാരണം. തുടർന്നാണ് ഹർജിക്കാർ  വീണ്ടും കോടതിയെസമീപിച്ചത്. ഹർജിയിൽ കോടതി വ്യവസായ വകുപ്പ് ഡയറക്ടറോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.

19 വ‍ര്‍ഷമായിട്ടും ഒരു അപേക്ഷയിൽ തീർപ്പുണ്ടാക്കാനാകാത്തത് വ്യവസായ വകുപ്പിന്‍റെ വീഴ്ചയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവിൽ കാലതാമസമുണ്ടാക്കിയതിനുള്ള ശിക്ഷയായി വ്യവസായ വകുപ്പ് ഡയറക്ടർ കുഷ്ഠരോഗാശുപത്രിയ്ക്ക് ഫൈൻ അടക്കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാൽ കേരളം കുഷ്ഠരോഗ മുക്ത സംസ്ഥാനമാണെന്ന് സർക്കാർ അറിയിച്ചതോടെയാണ് പ്രകൃതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യട്ടെ എന്ന് ചൂണ്ടിക്കാട്ടി നൂറ് മരം വച്ച് പിടിപ്പിക്കാൻ ഉത്തരവിട്ടത്. മരം എവിടെ നടണമെന്നത് വനംവകുപ്പ് തീരുമാനിക്കുമെന്നും കോടതി അറിയിക്കുകായിയരുന്നു.


 

Follow Us:
Download App:
  • android
  • ios