പയ്യന്നൂര്‍: മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ ട്രോളി മന്ത്രി കെ രാജു. ആഴ്ചയില്‍ അഞ്ച് ദിവസം തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് ഉത്തരവിട്ട മുഖ്യമന്ത്രി വിദേശയാത്ര പോയതിനാല്‍ മന്ത്രിമാര്‍ കേരളം ചുറ്റുകയാണെന്ന് മന്ത്രി കെ രാജു പറഞ്ഞു. വെള്ളൂര്‍ ക്ഷീരോദ്പാതക സഹകരണ സംഘത്തിന്‍റെ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നേരത്തെ മുഖ്യമന്ത്രിയുടെ ഉത്തരവ് കാരണം തിരുവനന്തപുരം വിട്ടുപോകാന്‍ പ്രയാസമായിരുന്നു. ഇപ്പോള്‍ ഹെഡ്മാസ്റ്റര്‍ സ്ഥലത്തില്ല. അതുകൊണ്ട് സംസ്ഥാനമാകെ മാസ്റ്റര്‍മാരായ ഞങ്ങള്‍ ചുറ്റി സഞ്ചരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം മന്ത്രിമാരുടെ യാത്രകള്‍ക്ക് മുഖ്യമന്ത്രി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പ്രവൃത്തി ദിവസങ്ങളില്‍ മന്ത്രിമാര്‍ ഓഫിസില്‍ ഉണ്ടായിരിക്കണമെന്നും മറ്റ് ദിവസങ്ങളില്‍ മാത്രം മറ്റ് ചടങ്ങുകള്‍ക്ക് പോയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി ഇ പി ജയരാജന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, ഉദ്യോഗസ്ഥര്‍ എന്നിവരാണ് ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ആഴ്ച യാത്ര തിരിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാനിലെ ഹിരോഷിമ സ്മാരകത്തില്‍