ആലപ്പുഴ: സ്രവം എടുക്കാത്ത കുടുംബത്തിന്‍റെ കൊവിഡ് നിർണയ പരിശോധന നടത്തിയതായി ആരോഗ്യവകുപ്പിന്‍റെ സന്ദേശം. ദില്ലിയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്ന ആലപ്പുഴ ചുനക്കരയിലെ കുടുംബത്തിനാണ് സന്ദേശം ലഭിച്ചത്. ഇവരെ ആരോഗ്യവകുപ്പ് ഇന്നലെ പരിശോധനയ്ക്കായി കൊണ്ടുപോയെങ്കിലും സാമ്പിൾ എടുക്കാനായില്ല. ദില്ലയിൽ നിന്ന് കഴിഞ്ഞ 26 ന് നാട്ടിലെത്തിയതാണ് മാമച്ചനും കുടുംബവും. ഇവർ നാലു പേരെയും ഇന്നലെ പ്രത്യേക വാഹനത്തിൽ സ്രവ പരിശോധനയ്ക്കായി കൊണ്ടുപോയി. രണ്ട് പരിശോധനാ കേന്ദ്രങ്ങളിൽ പോയെങ്കിലും സാമ്പിൾ എടുത്തില്ല.

ഇവർക്ക് ലഭിച്ച പരിശോധനാ സർട്ടിഫിക്കറ്റിൽ തൊണ്ടയിൽ നിന്ന് സ്രവം എടുത്തെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരാളുടെ പോലും രോഗനിർണ്ണയം നടന്നിട്ടില്ലെന്ന് കുടുംബം ആവർത്തിക്കുന്നു. ഇതിന് സാങ്കേതിക കാരണങ്ങളാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. പരിശോധിക്കേണ്ടവരുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കി ഐസിഎംആർ ആപ്പിൽ അപ്‍ലോഡ് ചെയ്യും. തിരക്ക് മൂലമോ മറ്റ് സാങ്കേതിക കാരണങ്ങളാലോ സ്രവം എടുക്കാതിരുന്നാലും പരിശോധനാ സർട്ടിഫിക്കറ്റ് ആളുകൾക്ക് സന്ദേശമായി ലഭിക്കും. ആപ്ലിക്കേഷനിൽ പുതുതായി രജിസ്ട്രേഷൻ നടത്തി പ്രശ്നം പരിഹരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.