തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂർ ഒപി ബഹിഷ്കരിച്ച് സമരത്തിലുള്ള സർക്കാർ ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചർച്ച നടത്തുന്നു. മുഴുവൻ മെഡിക്കൽ കോളേജുകളിലും ഓൺലൈൻ ക്ലാസുകൾ നിർത്തി വച്ചാണ് ഇന്ന് ഡോക്ടർമാർ സമരം ചെയ്യുന്നത്. തിരുവനന്തപുരത്തെ നോഡൽ ഓഫീസർ ഡോ. അരുണയെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ കൊവിഡ് നോഡൽ ഓഫീസർമാരുടെ പദവി ഡോക്ടർമാർ കൂട്ടത്തോടെ രാജി വച്ചിരുന്നു. ഇതോടെ, സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്‍റെ ഏകോപനം തന്നെ താളം തെറ്റിയതോടെയാണ്, സർക്കാർ സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത്. 

കെജിഎംസിടിഎ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നവസാനിക്കുന്നതിന് മുന്നോടിയായാണ് ഡോക്ടർമാർ സമരം ശക്തമാക്കിയത്. ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് ഉള്ളത്. ഇക്കാര്യത്തിൽ നഴ്സുമാരുടെ സംഘടനയായ കെജിഎൻഎ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹസമരവും തുടരുകയാണ്.  അതേസമയം  ആദ്യ ചർച്ചയ്ക്ക് ശേഷം സർക്കാർ ഇതുവരെ സമരങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടില്ല. 

ജീവനക്കാരുടെ കുറവടക്കം ചൂണ്ടിക്കാട്ടിയാണ് സമരക്കാർ സർക്കാർ നടപടിയെ എതിർക്കുന്നത്. അഞ്ച് പേരുടെ ജോലി ചെയ്യാൻ പലപ്പോഴും ഒരാളാണ് സർക്കാർ മെഡിക്കൽ കോളേജുകളിലുള്ളത്. രോഗികൾ ദിവസം തോറും കൂടിവരികയാണ്. സസ്പെൻഷൻ നടപടി ആരോഗ്യപ്രവർത്തകരെ ബലിയാടാക്കുന്നതാണ്. സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഇവയൊക്കെയാണ്: ജീവനക്കാരുടെ കുറവ് നികത്തണം. സസ്പെൻഡ് ചെയ്ത ആരോഗ്യപ്രവർത്തകരെ ഉപാധികളില്ലാതെ തിരിച്ചെടുക്കണം. ജീവനക്കാരുടെ രൂക്ഷമായ ആൾക്ഷാമത്തിനിടെ അധികച്ചുമതല വഹിക്കാനാകില്ല. ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയ തീരുമാനം  പിൻവലിക്കണം. 10 ദിവസം കൊവിഡ് ഡ്യൂട്ടിക്ക് 7 ദിവസം ഓഫ് എന്നത് റദ്ദാക്കിയ തീരുമാനമാണ് അടിയന്തരമായി പിൻവലിക്കേണ്ടത്. മറ്റു സർക്കാർ ജീവനക്കാർക്കൊപ്പം ആരോഗ്യപ്രവർത്തകരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കില്ല. പിടിച്ച ശമ്പളം തിരികെ നൽകണം.

എന്നാൽ നടപടി പിൻവലിക്കാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സർക്കാർ ഇതുവരെ. വിശദ റിപ്പോർട്ട് കിട്ടിയ ശേഷം മറ്റ് നടപടികൾ ആലോചിക്കാം. രോഗിയെ പുഴുവരിച്ച സംഭവത്തിൽ നടപടി പിൻവലിക്കുന്നത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് സർക്കാർ പറയുന്നു. കൊവിഡ് സാഹചര്യത്തിൽ പെട്ടെന്ന് ജീവനക്കാരുടെ എണ്ണം കൂട്ടാനാവില്ല. നോഡൽ ഓഫീസർമാർ രാജിവെച്ചാൽ പുതിയ വഴികൾ തേടും.  സമ്മർദങ്ങൾക്ക് ഈ ഘട്ടത്തിൽ വഴങ്ങില്ല. ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയത് കേന്ദ്ര മാനദണ്ഡ പ്രകാരമാണ്. ഈ സമയത്ത് അവധി നൽകിയാൽ ആൾക്ഷാമം രൂക്ഷമാകും. സമരം നീളുന്നത് സർക്കാരിനെ ബാധിക്കില്ല. പൊതുജന വികാരം ഉയർന്നാൽ സമരക്കാർക്ക് തന്നെ പിൻവലിക്കേണ്ടി വരുമെന്നും സർക്കാർ നിലപാടെടുക്കുന്നു.

ഇന്ന് നടക്കുന്ന ചർച്ചയിൽ എന്താകും തീരുമാനമെന്നത് നിർണായകമാണ്. ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ വർദ്ധന പതിനായിരത്തിലേക്ക് നീളുന്ന പശ്ചാത്തലത്തിൽ സമരക്കാരുമായി അടിയന്തരമായി സമവായമുണ്ടാക്കിയില്ലെങ്കിൽ സർക്കാരിന് തന്നെ ഇത് വലിയ തലവേദനയാകും.