തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ഭാര്യ നല്‍കിയ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അനില്‍കുമാറിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അനിൽ കുമാറിനൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് വാർഡിൽ കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് ബന്ധുക്കളെ പിന്നീട് ഇവിടെ നിന്നും മാറ്റി. ഇതോടെ അനിലിന് കൃത്യമായ പരിചരണം കിട്ടാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് കിടപ്പ് രോഗിയായ അനിലിൻ്റെ ദേഹത്ത് പുഴുവരിക്കുന്ന അവസ്ഥയുണ്ടായത്.