തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പെന്‍ഷൻ പ്രായം ഉയര്‍ത്താനുള്ള സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രി പറ‌ഞ്ഞു. 

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം നേരത്തെ ഒരു തവണ  വർധിപ്പിച്ചതാണ്. ധനവകുപ്പിന്റെ ഭാഗത്ത് നിന്നും അത്തരത്തിൽ ഒരു നിർദേശവും ഇതുവരെ വന്നിട്ടില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ പെന്‍ഷൻ പ്രായം ഉയര്‍ത്താൻ സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.  വിരമിക്കൽ പ്രായം അറുപത്തിരണ്ടിൽ  നിന്ന് അറുപത്തഞ്ച് വയസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ധനവകുപ്പിന്‍റെ പരിഗണനയിലുളള വിഷയത്തില്‍ നയപരമായ തീരുമാനം വേണ്ടതിനാല്‍ ഇടതുമുന്നണി യോഗത്തിൽ കൂടി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനം എടുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിദഗ്ധരായ ഡോക്ടര്‍മാര്‍ പലരും വിരമിക്കുന്നത് മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ സേവനത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു സൂചനകള്‍.ഡോക്ടര്‍മാരുടെ പെന്‍ഷൻ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം വളരെ ചുരുക്കം ചില ഡോക്ടര്‍മാര്‍ക്കുവേണ്ടിയാണെന്ന് മെഡിക്കല്‍ പിജി അസോസിയേഷന്‍ ആരോപിച്ചിരുന്നു. പുതിയ നിയമനങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും അസോസിയേഷന്‍ പറഞ്ഞിരുന്നു.  പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017ലാണ് മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ വിരമിക്കൽ പ്രായം അറുപതിൽ നിന്ന് അറുപത്തിരണ്ട് ആക്കി ഉയര്‍ത്തിയത്.