നേരത്തെ, കഴിഞ്ഞ ഒക്ടോബറിലും മുന്നറിയിപ്പുകൾ നൽകാതെ മന്ത്രി മെഡിക്കല്‍ കോളജില്‍ സന്ദർശനം നടത്തിയിരുന്നു. അന്നത്തെ മന്ത്രിയുടെ നിര്‍ദേശപ്രകാരം പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വീണ്ടും മിന്നല്‍ സന്ദര്‍ശനം നടത്തി. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെയാണ് മന്ത്രി മെഡിക്കല്‍ കോളജിലെത്തിയത്. തുടര്‍ന്ന് ഒന്നര മണിക്കൂറോളം ഇവിടെ ചെലവഴിക്കുകയും ചെയ്തു. എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡ്യൂട്ടി ലിസ്റ്റ് മന്ത്രി പരിശോധിക്കുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ രാത്രിയില്‍ ഡ്യൂട്ടിക്കുണ്ടെന്നും വീണ ജോര്‍ജ് ഉറപ്പ് വരുത്തി.
നേരത്തെ, കഴിഞ്ഞ ഒക്ടോബറിലും മുന്നറിയിപ്പുകൾ നൽകാതെ മന്ത്രി മെഡിക്കല്‍ കോളജില്‍ സന്ദർശനം നടത്തിയിരുന്നു. അന്നത്തെ മന്ത്രിയുടെ നിര്‍ദേശപ്രകാരം പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതേസമയത്താണ് ഒരു രോഗിയുടെ ഭര്‍ത്താവ് മന്ത്രിയെ കണ്ട് മരുന്നുകളൊന്നും കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന പരാതി അറിയിച്ചത്. ഉടന്‍ മന്ത്രി ഈ കുറിപ്പടി വാങ്ങി കാരുണ്യ ഫാര്‍മസിയില്‍ എത്തി.
ആദ്യം മന്ത്രി പുറത്ത് തന്നെ നിന്ന് ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്ക് പറഞ്ഞയച്ചു. മരുന്നില്ലെന്ന് പറഞ്ഞതല്ലേയെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. പിന്നീട് മന്ത്രി തന്നെ നേരിട്ട് കൗണ്ടറിലേക്കെത്തി. അപ്പോഴും മരുന്നില്ലെന്ന് ജീവനക്കാരിയുടെ മറുപടിയെത്തി. ഇതോടെ എന്തു കൊണ്ട് മരുന്നില്ലെന്ന് മന്ത്രി ചോദ്യം ഉന്നയിച്ചു. കൃത്യമായ പ്രതികരണം ഇല്ലാതായതോടെ മന്ത്രി ഫാര്‍മസിക്കുള്ളില്‍ കയറി കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ പരിശോധിച്ചു.
ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകള്‍ പട്ടികപ്പെടുത്തി അത് കൃത്യമായി സ്റ്റോക്ക് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ, മെഡിക്കല്‍ കോളേജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു കമ്മിറ്റിയെ മന്ത്രി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നിരന്തരം യോഗം ചേര്‍ന്ന് പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
കൊവിഡ് മരണമില്ല, ഇന്ന് 922 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 1329 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട് 35, വയനാട് 29, കണ്ണൂര്‍ 25, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,886 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,164 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 722 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 6998 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 123 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,138 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 871 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 41 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1329 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 176, കൊല്ലം 104, പത്തനംതിട്ട 108, ആലപ്പുഴ 101, കോട്ടയം 146, ഇടുക്കി 124, എറണാകുളം 212, തൃശൂര്‍ 71, പാലക്കാട് 24, മലപ്പുറം 26, കോഴിക്കോട് 73, വയനാട് 59, കണ്ണൂര്‍ 82, കാസര്‍ഗോഡ് 23 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 6998 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,50,028 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
