നിർത്താതെ പെയ്ത മഴയ്ക്കും കൊടും തണുപ്പിനും ശേഷം കേരളം മുന്നിൽ കാണേണ്ടത് വരൾച്ചയെയാണോ? വേനലിൽ വെന്ത് കേരളം. കനത്ത ജാഗ്രതാ നിർദേശം തുടരുന്നു.
തിരുവനന്തപുരം: കൊടിയ ചൂടിൽ വെന്തുരുകുകയാണ് കേരളം. ഇടുക്കിയിലും വയനാട്ടിലും ഒഴികെ മറ്റു ജില്ലകളിലെല്ലാം കനത്ത ജാഗ്രതാ നിർദേശം തുടരുകയാണ്. സംസ്ഥാനത്ത് കനത്ത ചൂട് ഒരാഴ്ച കൂടി നീളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 1 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് അമ്പത് വയസിനുമേല്‍ പ്രായമുള്ള ആളുകള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ഒരു കാരണവശാലും വെയില്‍ ഏല്‍ക്കരുതെന്നാണ് കർശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
പകൽ 12 മുതൽ 3 മണി വരെ നേരിട്ട് വെയിലത്തിറങ്ങുമെന്ന് ദുരന്ത നിവാരണ സമിതിയുടെ ജാഗ്രതാ നിർദേശം നിലനിൽക്കുന്നുണ്ടെങ്കിലും പലയിടത്തും ആളുകൾ പൊരിവെയിലിലും പണിയെടുക്കുന്നുണ്ട്. നിർമാണത്തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഫുഡ് ഡെലിവറി തൊഴിലാളികൾ തുടങ്ങി ജാഗ്രത നിലനിൽക്കുമ്പോഴും പണിയിടങ്ങളിലേക്കും പൊരിവെയിലിലേയ്ക്കും ഇറങ്ങി പണിയെടുക്കുന്നവർ ഒരുപാടാണ്.
പൊരിവെയിലിൽ സൂര്യന് തൊട്ടുതാഴെ
ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കിട്ടും കൊച്ചിയിൽ മെട്രോയുടെ പണിയിലേർപ്പെട്ട ഇപ്പോഴും നിരവധി തൊഴിലാളികൾ ഉണ്ട്. സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് നിലനിൽക്കുന്ന ജില്ലയാണ് എറണാകുളം. ഉച്ച നേരത്ത് പുറത്തിറങ്ങുമ്പോൾ പോലും അതീവ ജാഗ്രത പാലിക്കേണ്ട സമയത്താണ് ഉയരത്തിൽ കെട്ടിപ്പടുത്ത മുളങ്കൂടുകളിൽ നിന്ന് തൊഴിലാളികൾ പണിയെടുക്കുന്നത്.

ചിത്രം: സോളമൻ റാഫേൽ
ഭക്ഷണം ചൂടോടെയെത്തിക്കാൻ
കനത്ത ചൂടിൽ ഏറ്റവും അധികം വലയുന്നവരാണ് ഓൺലൈൻ ഫുഡ്‍ഡെലിവറി തൊഴിലാളികൾ. ഉച്ചസമയത്ത് കൂടുതൽ ഓഡറുകൾ വരുന്നതിനാൽ വെയിലത്ത് ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ് ഇക്കൂട്ടർ. പൊരിവെയിലാണെന്നും സൂര്യാഘാത സാധ്യതയുണ്ടെന്നും അറിയാഞ്ഞിട്ടും പണിക്കിറങ്ങാതെ വേറെ വഴിയില്ലെന്ന് ഇവർ പറയുന്നു.

ചൂട് കാലത്ത് ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. പക്ഷെ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളുടേയെല്ലാം യൂണിഫോം കടുത്ത നിറത്തിലുള്ളവയാണ്. നിറം മാറ്റം കമ്പനികൾ പരിഗണിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ദുരന്തനിവാരണ അതോറിറ്റി അടക്കം നൽകിയ മുന്നറിയിപ്പുകളും അവഗണിക്കപ്പെടുന്നു. ഹോട്ടലുകളിൽ ചിലത് കുടിവെള്ളവും മറ്റും നൽകുന്നതാണ് ഇപ്പോഴത്തെ ഏക ആശ്വാസം.
ഇന്ധന ടാങ്കർ ഡ്രൈവർമാർ പറയുന്നത്
അതേ സമയം കനത്ത വേനലിൽ ജോലിസമയം മാറ്റണമെന്ന ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ധന ടാങ്കർ ഡ്രൈവർമാർ. കൊടുംവെയിലിൽ വാഹനം ഓടിക്കുന്നതിന്‍റെ ശാരീരിക ബുദ്ധിമുട്ടിനൊപ്പം അപകസാധ്യതയും ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കരിഞ്ഞുണങ്ങി പാടങ്ങൾ
കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാണ്. വെള്ളമില്ലാത്തതിനാല്‍ കൃഷി കരിഞ്ഞുണങ്ങുന്ന കാഴ്ചയാണ് പലയിടങ്ങളിലും. മുന്നറിയിപ്പുണ്ടായിട്ടും തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കുന്ന സംഭവങ്ങളും പുനലൂരില്‍ കാണാം. മുന്നറിയിപ്പ് കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ പലയിടത്തും പാളുന്നതാണ് കാണാൻ സാധിക്കുന്നത്.

ചിത്രം: ബൈജു വി മാത്യു
വേനൽകനത്തതോടെ മലയോര മേഖലയാകെ കനത്ത ചൂടിലേക്ക് നീങ്ങുകയാണ്. കണ്ണൂരിൽ കൊട്ടിയൂർ, ആറളം അടക്കമുള്ള മേഖലകൾ മുന്നിൽ കാണുന്നത് കൊടിയ വരൾച്ചയെത്തന്നെയാണ്. പുഴ വറ്റുന്നതും ആവശ്യമായ വെള്ളം കിട്ടാത്തതിനാൽ പാടങ്ങൾ കരിഞ്ഞുണങ്ങുന്നതും മലയോര മേഖലയെ പ്രതിസന്ധിയിലാഴ്ത്തുകയാണ്.
തൊഴിൽ ഉറപ്പിക്കാൻ
11 മണി മുതൽ 3 മണി വരെ വിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്താകെയുള്ള തൊഴിലുറപ്പ് തൊഴിലാളികളെ കനത്ത ചൂട് വലിയ രീതിയിലാണ് വലയ്ക്കുന്നത്. പലരുടേയും ദേഹത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്.

ചിത്രം: ബൈജു വി മാത്യു
കറുത്ത കോട്ട് വേണ്ട
ഉയർന്നു വരുന്ന ചൂടിനെ പ്രതിരോധിക്കാൻ സർക്കാരും ദുരന്ത നിവാരണ അതോരിറ്റിയും മുന്നോട്ട് വെക്കുന്ന പ്രധാന നിർദ്ദേശങ്ങളിലൊന്ന് വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്നതാണ്. പക്ഷെ കോടതിയിലെത്തുന്ന അഭിഭാഷകർക്ക് കറുത്ത വസ്ത്രം ഒഴിവാക്കാൻ കഴിയുന്നില്ല. കറുത്ത കോട്ടും അതിനു മുകളിൽ ഗൗണും ധരിച്ചെത്തുന്ന അഭിഭാഷകർ ഏറെ ബുദ്ധിമുട്ടിലാണ്.
നിലവിൽ ഹൈക്കോടതി മാത്രമാണ് പൂർണമായും ശീതീകരിച്ചിട്ടുള്ളത്. കീഴ് കോടതികളിലൊന്നും ശീതീകരണമില്ലെന്ന് മാത്രമല്ല പല കോടതി മുറികളിലും ഫാനുകളടക്കം പ്രവർത്തന രഹിതമാണ്. കേസുകൾ നടക്കുന്ന സമയത്ത് കോടതി മുറികളിൽ അഭിഭാഷകരും പൊലീസും കക്ഷികളുമടക്കം നിരവധി ആളുകൾ ഉണ്ടാവും. ഒരു മുറിക്കുള്ളിൽ ഇത്രയും ആളുകൾ തിങ്ങിനിൽക്കുന്നതും ചൂടുകാലത്ത് അസഹനീയമാണെന്നും അഭിഭാഷകർ പറയുന്നു.
വേനല്‍ക്കാലം കടുത്തതോടെ കൊല്ലം ജില്ലയില്‍ ജനജീവിതം ദുസഹമായി. കൊല്ലത്തിന്‍റെ കിഴക്കൻ മേഖലകളില്‍ ഈ മാസം ഇതുവരെ 28 പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. പുനലൂരില്‍ ചരിത്രത്തിലാദ്യമായി താപനില 40 ഡിഗ്രി എത്തി. ഇതോടെ പകല്‍ സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറച്ചു. രാവിലെ എട്ട് മണി കഴിഞ്ഞാല്‍ പിന്നെ കുടയില്ലാതെ ആരും നഗരത്തിലേക്ക് ഇറങ്ങുന്നില്ല. ശീതളപാനീയങ്ങളും നാരങ്ങവെള്ളവും വില്‍ക്കുന്ന കടകളിലെല്ലാം പൊരിഞ്ഞ തിരക്കാണ്.

പുനലൂരില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്ന ചൂട് രേഖപ്പെടുത്തുന്ന മാപിനിയില്‍ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് പ്രവചനം. മാര്‍ച്ച് മാസം ശരാശരി താലനില 37-38 ഡിഗ്രി സെല്‍ഷ്യസാണ്.
സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. കൊടും ചൂടിന്‍റെയും വരൾച്ചയുടെയും പശ്ചാത്തലത്തിൽ മൂന്ന് സമിതികളാണ് രൂപീകരിക്കുക.
പകർച്ചവ്യാധികളുടെ പ്രതിരോധം, വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പരിശോധിക്കൽ, കുടിവെള്ള ലഭ്യത ഉറപ്പാക്കൽ തുടങ്ങിയവയാണ് സമിതിയുടെ ചുമതലകൾ. കുടിവെള്ളം പഞ്ചായത്തുകളിൽ എത്തുന്നുണ്ടോ എന്നത് കളക്ടർമാർ ഉറപ്പാക്കണമെന്ന് സമിതി നിർദ്ദേശം നൽകി.
റവന്യൂ അഡീഷണൽ സെക്രട്ടറിക്കാണ് വരൾച്ച മുൻകരുതൽ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഏകോപന ചുമതല. എല്ലാ ജില്ലകളിലും ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കവർചിത്രം: ഷെഫീഖ് ബിൻ മുഹമ്മദ്
