ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും അതിശക്തമായ മഴ പെയ്തിരുന്നു. വരും ദിനങ്ങളിലും മഴ ശക്തമാകും. ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുകയാണ്. ഇന്നലെയാണ് മഴ ശക്തമായി തുടങ്ങിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ എറണാകുളം, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 

ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും അതിശക്തമായ മഴ പെയ്തിരുന്നു. വരും ദിനങ്ങളിലും മഴ ശക്തമാകും. ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കും. സംസ്ഥാനത്ത് നേരത്തേ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. അതേസമയം കൊങ്കണ്‍ വഴിയുള്ള റെയില്‍ ഗതാഗതത്തിന് സമയമാറ്റം ഉണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. 

സംസ്ഥാനത്ത് 52 ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. 12 നോട്ടിക്കൽ മൈൽ പ്രദേശത്ത്, ജൂലൈ 31 വരെയാണ് ഫിഷിംഗ് ബോട്ടുകൾക്ക് നിരോധനം. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് വിലക്കില്ല. മത്സ്യങ്ങളുടെ പ്രജനനകാലത്ത് യന്ത്ര യാനങ്ങൾ ട്രോളിംഗ് ലംഘിച്ച് മത്സ്യബന്ധനം നടത്തിയാൽ കർശനനടപടികളും, 2.5 ലക്ഷം രൂപ പിഴയും ചുമത്തും. എറണാകുളം ഉൾപ്പടെയുള്ള പ്രധാന ഹാർബർ മേഖലകളിൽ ഫിഷിംഗ് ബോട്ടുകൾക്ക് ഡീസൽ നൽകുന്നത് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി