Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിലും കര്‍ണാടകയിലും കനത്ത മഴ: മേട്ടൂര്‍ ഡാം തുറന്നു, കാവേരിയിൽ ജലനിരപ്പുയര്‍ന്നു

കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ കര്‍ണാടകയിലെ തെക്കന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി

heavy rain in tamilnadu and karnataka
Author
Mettur Dam, First Published Aug 4, 2022, 11:44 PM IST

ചെന്നൈ/ ബെംഗളൂരു:  തമിഴ്നാട്ടിലേയും കര്‍ണാടകയിലേയും വിവിധ ജില്ലകളിൽ മഴ തുടരുന്നു. സേലം  മേട്ടൂർ അണക്കെട്ടിൽ നിന്നും സെക്കന്റിൽ 2.1 ഘനഅടി  വെള്ളം തുറന്നുവിടുന്നതിനാൽ കാവേരി നദീ തീരത്ത് താമസിക്കുന്നവര്‍ക്ക് അതിജാഗ്രതാ നിർദ്ദേശം നൽകി. ഹൊക്കനഗലിൽ ക്ഷേത്രത്തിൽ കുടുങ്ങിയ വൃദ്ധദന്പതികളെ അഗ്നിരക്ഷാ സേനയും പൊലിസും രക്ഷപ്പെടുത്തി.

അണക്കെട്ടുകൾ തുറന്നതോടെ, കാവേരി നദിയിൽ ജലനിരപ്പ് ഉയർന്നു. എല്ലാ കൈവഴികളിലും നീരോഴുക്ക് കൂടി. പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തേനി, നീലഗിരി ജില്ലകളിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിൽ മിതമായ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കര്‍ണാടകയിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.  കാവേരി നദി തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ തെക്കന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി,ചിക്കമംഗ്ലൂരു, ശിവമോഗ എന്നിവടങ്ങളിൽ റെഡ് അലർട്ടാണ്. സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. സംസ്ഥാനത്ത് ആകെ മഴക്കെടുതിയില്‍ മരണം 16 ആയിട്ടുണ്ട്. 

ജലനിരപ്പ് 136.05 അടിയില്‍,മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറന്നേക്കും

ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറന്നേക്കും. ജലനിരപ്പ് 136.05 അടിയിലെത്തി. തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. നാളെ രാവിലെ 10 മണിയോടെ നിലവിലെ റൂള്‍ കര്‍വില്‍ എത്തിയേക്കും. മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്. മലമ്പുഴ ഡാം നാളെ രാവിലെ ഒന്‍പത് മണിയോടെ തുറന്നേക്കും.

കല്‍പ്പാത്തി,ഭാരതപ്പുഴ, മുക്കൈ പുഴയോരവാസികള്‍ ജാഗ്രത പാലിക്കണം. ഇടുക്കി കല്ലാര്‍ അണക്കെട്ട് തുറന്നേയ്ക്കും. കല്ലാര്‍ പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കും. തെന്മല ഡാം നാളെ രാവിലെ 11 ന് തുറക്കും. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ നാലാമത്തെ ഷട്ടര്‍ തുറന്നു. ചിമ്മിനി ഡാമിലെ കൂടുതല്‍ വെള്ളം തുറന്നുവിടുകയാണ്. കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള ഷോളയാര്‍ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു.

Latest Videos
Follow Us:
Download App:
  • android
  • ios