Asianet News MalayalamAsianet News Malayalam

പ്രളയസമാനം കോട്ടയം: ഗതാഗതം തടസപ്പെട്ടു, ദുരന്തമേഖലകൾ ഒറ്റപ്പെട്ടു, രക്ഷാപ്രവർത്തനത്തിന് പട്ടാളവും രംഗത്ത്

ജില്ലയിൽ ഫയർഫോഴ്സ് കൂടുതൽ ടീമിനെ എത്തിച്ചു. പാലായിൽ (രണ്ട്), ഈരാറ്റുപേട്ട (രണ്ട്) കാഞ്ഞിരപ്പള്ളി (ഏഴ് ) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്

Heavy rain landslide kottayam death toll 6 missing four
Author
Kottayam, First Published Oct 16, 2021, 5:25 PM IST

കോട്ടയം: കോട്ടയത്ത് പ്രളയസമാനമായ സ്ഥിതി. അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തും ഉരുൾപൊട്ടി റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിക്കലിലാണ് വലിയ അപകടം നടന്നത്. ഇവിടെ കാവാലിയിലും പ്ലാപ്പള്ളിയിലും ഉരുൾപൊട്ടി രണ്ട് കുടുംബങ്ങളിലെ 10 പേർ അപകടത്തിൽ പെട്ടു. ആറ് മൃതദേഹങ്ങൾ കണ്ടെത്തി.

കോട്ടയത്ത് കെഎസ്ആർടിസി ബസ് വെളളക്കെട്ടിൽ മുങ്ങി. പലയിടത്തും ഗതാഗതതടസം ഉണ്ടായി. ഈരാറ്റുപേട്ടയും അപ്രതീക്ഷിതമായി വെള്ളപ്പൊക്കത്തിൽ അകപ്പെട്ടത് ആശങ്കയും അമ്പരപ്പിനും കാരണമായി. ആളുകൾ വാഹനവുമായി പുറത്തിറങ്ങരുതെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി കര, വ്യോമ സേനകൾ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.

റോഡ് മുഴുവൻ കനത്ത മഴയിൽ സഞ്ചാരയോഗ്യമല്ലാത്ത നിലയിലായതിനാൽ പ്രദേശങ്ങൾ ഒറ്റപ്പെട്ട് കിടക്കുകയാണ്. അതിനാൽ തന്നെ നാട്ടുകാർക്ക് മൃതദേഹങ്ങൾ എങ്ങോട്ട് മാറ്റുമെന്നതിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ ആശങ്കയറിയിച്ചിട്ടുണ്ട്. കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ മഴ ശക്തമായി തുടരുകയാണ്. പാലാ, പൂഞ്ഞാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.

ജില്ലയിൽ ഫയർഫോഴ്സ് കൂടുതൽ ടീമിനെ എത്തിച്ചു. പാലായിൽ (രണ്ട്), ഈരാറ്റുപേട്ട (രണ്ട്) കാഞ്ഞിരപ്പള്ളി (ഏഴ് ) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ രണ്ടു ടീമും പാമ്പാടി , ചങ്ങനാശ്ശേരി , കോട്ടയം , കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമുമാണ് കാഞ്ഞിരപ്പള്ളിയിലുള്ളത്. കോട്ടയം, മീനച്ചിൽ താലൂക്ക് പ്രദേശങ്ങളിൽ വെളളം ഉയരാനുള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം , തൃശൂർ എന്നിവടങ്ങളിൽ നിന്നായി 20 പേരടങ്ങുന്ന ടീം ജില്ലയിൽ ഉടൻ എത്തിച്ചേരും.

കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ ചപ്പാത്ത് പാലത്തിൽ വെള്ളം കയറിയ നിലയാണ്. കാഞ്ഞിരപ്പള്ളിയിൽ ഏന്തയാർ ജെജെ മർഫി സ്കൂൾ, മുണ്ടക്കയം സിഎംഎസ്, വരിക്കാനി എസ്എൻ സ്കൂൾ, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവൺമെന്റ് എൽപി സ്കൂൾ, കാപ്പാട് ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ തുറന്നത്.

അതേസമയം അടുത്ത മണിക്കൂറിൽ ശക്തമായ കാറ്റ് മധ്യ-തെക്കൻ കേരളത്തിൽ വീശുമെന്ന മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios