Asianet News MalayalamAsianet News Malayalam

തോരാതെ തുലാവര്‍ഷം: വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും

മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുട‌‌ർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലാകട്ടെ എല്ലാ സ്കൂളുകൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ടയിലും തൃശ്ശൂരിലും ഉച്ചയ്ക്ക് ശേഷം സ്കൂളുകള്‍ക്കും അംഗനവാടികൾക്കും മാത്രമാണ് അവധി

heavy rain prediction kerala have orange alert
Author
Thiruvananthapuram, First Published Oct 21, 2019, 12:10 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനത്തതോടെ വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഒപ്പം വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് പൂര്‍ണവും ഭാഗികവുമായ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുട‌‌ർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലാകട്ടെ എല്ലാ സ്കൂളുകൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്റ്റേറ്റ്‌, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്. എറണാകുളത്തെ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ടയിലും തൃശ്ശൂരിലും ഉച്ചയ്ക്ക് ശേഷം സ്കൂളുകള്‍ക്കും അംഗനവാടികൾക്കും മാത്രമാണ് അവധി.

ജാഗ്രത നിര്‍ദ്ദേശം

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റ് ആറ്  ജില്ലകളില്‍ യെല്ലോ ആലര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് ഉണ്ടാകും. അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത. തുലാവർഷത്തിന്റെ ഭാഗമായി അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ഇതിന് കാരണം.

കേരളതീരത്ത് 45 മുതല്‍ 55 കി,.മീ.വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റന്നാള്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യതയുമുണ്ട്. ഇത് ആന്ധ്ര തമിഴ്നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ന്യൂനമര്‍ദ്ദങ്ങള്‍ രൂപം കൊള്ളുന്ന സാഹചര്യത്തിലാണ്  സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു

കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാൽ നെയ്യാർ ഡാമിലെ ജല നിരപ്പ് ഉയർന്നു. ഇപ്പോൾ ജലനിരപ്പ് 83.45 മീറ്റർ ആണ്. പരമാവധി ജല നിരപ്പ് 84. 750 മീറ്റർ ആണ്. നാലിഞ്ച്‌ ഉയർത്തിയിരുന്ന ഷട്ടർ നീരൊഴിക്കിനെ തുടർന്നു ആറിഞ്ചായി ഉയർത്തിയിട്ടുണ്ട്. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios