തിരുവനന്തപുരം: ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും ഡാമുകൾക്കു സമീപവും ജലാശയങ്ങളുടെ തീരത്തും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. 

ജില്ലയുടെ തീരപ്രദേശത്തും മലയോര മേഖലകളിലും ജലാശയങ്ങൾക്കു സമീപമുള്ള മേഖലകളിലും അടുത്ത 48 മണിക്കൂർ സമയത്തേക്ക് വിനോദ സഞ്ചാരത്തിന് നിരോധനം ഏർപ്പെടുത്തി. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാൻ അനുയോജ്യമായ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് റവന്യൂ ഉദ്യോഗസ്ഥർക്കും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

ജില്ലയിൽ അടുത്ത 48 മണിക്കൂർ സമയത്തേക്ക് മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു. പുഴകളിലും പാറമടകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലും ഒഴുക്ക് ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ അവയിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ളതിനാൽ വെള്ളച്ചാട്ടങ്ങൾക്കും അരുവികൾക്കും സമീപം വാഹനങ്ങൾ നിർത്താൻ പാടില്ല. സുരക്ഷ മുൻനിർത്തി ജില്ലാ ഭരണകൂടം നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും കളക്ടർ അഭ്യർഥിച്ചു.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസുകളിൽനിന്നും മറ്റ് റവന്യൂ ഓഫിസുകളിൽനിന്നും ഏതു സമയത്തും എന്തു സഹായവും ലഭിക്കും. ഇതിനായി ജില്ലാ അടിയന്തരകാര്യ നിർവഹണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കു നിയോഗിച്ചിട്ടുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും കളക്ടർ അറിയിച്ചു.