Asianet News MalayalamAsianet News Malayalam

ഇന്നും ശക്തമായ മഴ തുടരും, നാല് ജില്ലകളിൽ റെഡ് അലർട്ട്, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 132 അടി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാൽ രണ്ടാം നിർദ്ദേശം നൽകും. 

heavy rain to continue in kerala as four districs continue to be in red alert
Author
Thiruvananthapuram, First Published Aug 8, 2020, 8:06 AM IST

തിരുവനനന്തപുരം/ കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ശക്തമാകാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാൽ രണ്ടാം നിർദ്ദേശം നൽകും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി.ഈ ഘട്ടത്തിലെത്തിയാൽ സ്പിൽവെഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്‍റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ്. ചപ്പാത്ത്, വള്ളക്കടവ്, ഉപ്പുതറ തുടങ്ങിയ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സെക്കന്‍റിൽ പതിനാലായിരം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 

കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തമഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമുണ്ടായില്ല. കക്കയം ഒന്നാം പാലത്തിനടുത്തുള്ള ഒന്‍പത് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. 

വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. മണിക്കൂറില്‍ 66 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. കക്കയം പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാം സൈറ്റിലേക്കുള്ള റോഡും പാലവും തകർന്നിട്ടുണ്ട്. വൈദ്യുതി വിതരണവും തകരാറിലായിരിക്കുകയാണ്. അതേസമയം കോഴിക്കോട് വാണിമേൽ, വിലങ്ങാട്, മരുതോങ്കര മേഖലകളിൽ ശക്തമായ മഴയാണ് ഇപ്പോഴും. മൂന്ന് മണിക്കൂറായി മഴ തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ ഇരുന്നൂറിലേറെ വീടുകൾക്ക് കേടുപാടുണ്ടായി. 37 വീടുകൾ പൂർണമായും 182 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വലിയതുറ യു.പി സ്‌കൂൾ, ഫിഷറീസ് ടെക്ക്നിക്കൽ സ്‌കൂൾ, പോർട്ട് ഗോഡൗൺ 1, പോർട്ട് ഗോഡൗൺ 2, എൽ.എഫ്.എം.എസ്.സി എൽ.പി സ്‌കൂൾ, ബഡ്സ് സ്‌കൂൾ, സെന്‍റ് ജോസഫ് ഹയർസെക്കന്‍ററി സ്‌കൂൾ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 154 കുടുംബങ്ങൾ ഉൾപ്പടെ 582 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ശംഖുമുഖത്ത് ഇന്നുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. മഴക്കെടുതിയിൽ 5,348 ഹെക്ടർ കൃഷിനാശം സംഭവിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു.

മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ഇന്ന് റെഡ് അല‍ർട്ട് പ്രഖ്യാപിച്ചതോടെ അതീവജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. അട്ടപ്പാടി മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുളള ഉണ്ണിമല ഉൾപ്പെടെയുളള മേഖലളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുളള നടപടികൾക്ക് തുടക്കമായി. മഴ ശക്തമായാൽ അഗളി എൽ പി സ്കൂൾ, മുക്കാലി എം ആർ എസ് ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ക്യാംപുകളിലേക്ക് ഇവരെ മാറ്റും. കഴിഞ്ഞ വർഷം ഉരുൾ പൊട്ടിയ ഇരുമ്പകച്ചോല ഭാഗത്തെ ആളുകളെ മാറ്റിപ്പാർച്ചു.

അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ 22 അംഗ എൻഡിആർഫ് സംഘം പാലക്കാട്ടുണ്ട്. മണ്ണിടിഞ്ഞ ഗതാഗതം തടസപ്പെട്ട നെല്ലിയാമ്പതി ചുരം, പറമ്പിക്കുളം തൂണക്കടവ് എന്നിവിടങ്ങളിലെ തടസ്സം നീക്കി. ആലത്തൂർ ഉൾപ്പെടെ 4 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പാലക്കാട് തുറന്നിട്ടുള്ളത്.

തൃശ്ശൂർ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റം അതിശക്തിയായി തുടരുന്നതിനാൽ എടവിലങ്ങിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തീരദേശ റോഡ് തകർത്ത് കടൽ ജലം അര കിലോമീറ്റർ കിഴക്കോട്ടൊഴുകി അറപ്പ തോടും ഇടത്തോടുകളും നിറഞ്ഞ് വെള്ളം ഉയർന്നതോടെ അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറി. കടലിനോട് ചേർന്നുള്ള നൂറു കണക്കിന് വീടുകൾ തകർച്ചാഭീഷണിയിലാണ്.

Follow Us:
Download App:
  • android
  • ios