സൈലന്റ് വാലി വനമേഖലയിൽ കനത്ത മഴ: അട്ടപ്പാടി ചുരം റോഡിൽ ഗതാഗതക്കുരുക്ക്
മുക്കാലിക്ക് സമീപം മന്ദംപൊട്ടിയിൽ കോസ് വേ കവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകി. ഇതുകാരണം ഏറെ നേരം അട്ടപ്പാടി ചുരം റോഡിൽ ഗതാഗതക്കുരുക്കുണ്ടായി

പാലക്കാട്: സൈലന്റ് വാലി വനമേഖലയിലെ കനത്ത മഴകാരണം അട്ടപ്പാടി ചുരം റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. മുക്കാലിക്ക് സമീപം മന്ദംപൊട്ടിയിൽ കോസ് വേ കവിഞ്ഞ് വെള്ളം ഒഴുകുന്ന സാഹചര്യമുണ്ടായതോടെയാണ് ഗതാഗതം സ്തംഭിച്ചത്. അതേസമയം സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പും നിലനില്‍ക്കുന്നു. 11 ജില്ലകളിലാണ് സംസ്ഥാനത്ത് നിലവിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
വടക്കൻ ഒഡിഷക്ക് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം ( Well Marked Low Pressure Area) സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ നിലവിൽ പെയ്യുന്ന മഴയ്ക്ക് കാരണമാകുന്നത്. അടുത്ത രണ്ടു ദിവസം ഛത്തീസ്ഗഡ് - കിഴക്കൻ മധ്യപ്രദേശ് മേഖലയിലേക്ക് ഈ ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിനും വടക്ക് കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ചക്രവാതചുഴിയും നില നില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനവും കേരളത്തിലെ മഴയ്ക്ക് കാരണമാണ്.