നിലവിൽ സന്നിധാനത്ത് ഉള്ള തീർത്ഥാടകർ തിരിച്ചിറങ്ങിയാൽ മാത്രമേ ളാഹ മുതൽ പമ്പ വരെയുള്ള ഗതാഗതക്കുരുക്കിന് പൂർണ്ണ പരിഹാരമാകൂ. 


പത്തനംതിട്ട: അവധിദിവസങ്ങൾ എത്തിയതോടെ ശബരിമലയിലെ ഭക്തജന തിരക്കേറി. നിലയ്ക്കലിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകേറാനായി എത്തി ചേരുന്നത്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. ഇതേ തുട‍ർന്ന് ഇലവുങ്കൽ മുതൽ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തി വിടുകയാണ്. 

ശബരിമലയിൽ ഇന്നലെ മുതൽ തുടങ്ങിയ ഭക്തജന തിരക്കാണ് ഇന്നത്തേക്ക് കൂടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വിർച്വൽ ക്യൂ വഴി 94,369 പേരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ പമ്പ മുതൽ സന്നിധാനം വരെ പോലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുല്ലുമേട് - സത്രം വഴിയും കൂടുതൽ തീർത്ഥാടകർ എത്തി തുടങ്ങി. ഇന്നലെ മാത്രം 7281 പേരാണ് പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയത്. 

നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹങ്ങൾ നിറഞ്ഞതോടെ ശബരിമലയിലേക്കുള്ള വാഹനങ്ങൾ പോലീസ് റോഡിൽ തടഞ്ഞു. നിലവിൽ സന്നിധാനത്ത് ഉള്ള തീർത്ഥാടകർ തിരിച്ചിറങ്ങിയാൽ മാത്രമേ ളാഹ മുതൽ പമ്പ വരെയുള്ള ഗതാഗതക്കുരുക്കിന് പൂർണ്ണ പരിഹാരമാകൂ. 

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർത്ഥാടകരുടെ കാർ ലോറിയിൽ ഇടിച്ച് അപകടം

അങ്കമാലി: ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചു കാർ യാത്രികരായ നാലുപേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ ടി.രമേശ് (40), ശരവണൻ (38),കവിരാജ്(27) ദിനേശ്(32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വെളുപ്പിന് മൂന്ന് മണിക് ഒക്കൽ കാരിക്കോടിനിടയിൽ വച്ചാണ് പെരുമ്പാവൂർക്ക് പോകുന്ന നാഷണൽ പെർമിറ്റ് ലോറിയുമായി തീർത്ഥാടക സംഘം സഞ്ചരിച്ച കാർ ഇടിച്ചത്.അപകടത്തിൽ പെട്ട വാഹനം ക്രയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്ന് മാറ്റിയത്. 

ശബരിമലയിൽ തിരക്ക് കുറയ്ക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി