Asianet News MalayalamAsianet News Malayalam

'രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ട്':സുഹാസിനെ അഭിനന്ദിച്ച് ഹൈബി

കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ കുഞ്ഞിനെ കാണാൻ സാധിച്ചിട്ടില്ല. 

hibi eden appreciate ernakulam collector s suhas
Author
Kochi, First Published Jul 6, 2020, 7:11 PM IST

കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ സജീവമായ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസിനെ അഭിനന്ദിച്ച് ഹൈബി ഈഡൻ എം.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി കളക്ടറുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ കുഞ്ഞിനെ കാണാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. ഇതുപോലെ നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നമുക്ക് വേണ്ടി നഷ്ടപ്പെടുത്തിയിട്ടുണ്ടാകുമെന്നും ഹൈബി പോസ്റ്റിൽ കുറിക്കുന്നു. ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്...

എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസിനെക്കുറിച്ചാണ്. കോവിഡ് -19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കളക്ടർ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കളക്ടറുണ്ടായിരുന്നു.

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്ന് വരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരിൽ ചെന്നിട്ട് വേണം കുഞ്ഞിന്റെ പേരിടൽ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോർക്കുന്നു.

ഈ മഹാമാരിയുമായി ബന്ധപ്പെട്ട നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകും, നമുക്ക് വേണ്ടി. ഒരിക്കൽ പോലും ഇതൊന്നും ചിന്തിക്കാതെ, മാസ്ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് നടക്കുന്ന ഒരു കൂട്ടം ആളുകൾ...

എറണാകുളത്തെ സ്ഥിതി മോശമാവുകയാണ്. നാം ഓരോരുത്തരും വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിർത്താനാവൂ.. നമുക്കൊരുമിക്കാം

പ്രിയ കളക്ടർ... ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക.
നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങൾ....

Follow Us:
Download App:
  • android
  • ios