പത്തനംതിട്ട: ഇറ്റലിയില്‍ നിന്നും എത്തിയ ഒരു കുടുംബമടക്കം അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത. മാര്‍ച്ച് ഒന്നിന് പത്തനംതിട്ട ജില്ലയില്‍ എത്തിയ രോഗബാധിതരായ മൂന്ന് പ്രവാസികളും ഇവരുടെ ബന്ധുക്കളായ രണ്ട് പേരുമടക്കം അഞ്ച് പേരും മാര്‍ച്ച് ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും വരെ എവിടെയെല്ലാം പോയി ആരെയൊക്കെ കണ്ടു എന്ന് കണ്ടെത്താന്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

രോഗബാധിതരായ അഞ്ച് പേരുമായി ബന്ധപ്പെട്ട മൂവായിരം പേരെങ്കിലും പത്തനംതിട്ട ജില്ലിയില്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാട്ടിലെത്തി ആറ് ദിവസത്തിനിടെ കൊല്ലം പുനലൂര്‍, കോട്ടയം എന്നീ സ്ഥലങ്ങളിലെ ബന്ധുവീടുകള്‍, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയം, റാന്നിയിലെ ഒരു ആശുപത്രി എന്നിവിടങ്ങളിലൊക്കെ രോഗബാധിതര്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. 

രോഗബാധിതരായ അഞ്ച് പേരും ഇവരോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ചിലരും കൂടി  200 വീടുകളെങ്കിലും സന്ദർശിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് റാന്നി എംഎല്‍എ രാജു എബ്രഹാം പറയുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പത്തനംതിട്ട കളക്ട്രേറ്റിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് സംവിധാനം താല്‍കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. റാന്നിയിൽ പൊതുവിതരണ കേന്ദ്രങ്ങളിലെ ബയോമെട്രിക് പഞ്ചിംഗ്  ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. 

വോട്ടര്‍ പട്ടിക പുതുക്കുന്ന ജോലിയും താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്. രോഗബാധിതരുടെ 90 വയസ്സിന് മേലെ പ്രായമുള്ള മാതാപിതാക്കളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ദുബായില്‍ നിന്നും ന്യൂമോണിയ ലക്ഷണങ്ങളുമായി എത്തിയ രണ്ട് പേരും ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുണ്ട്. ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്‍. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും. ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലെേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.  

കോട്ടയത്തും പത്തനംതിട്ടയിലുമായി രോഗബാധിതര്‍ സന്ദര്‍ശനം നടത്തിയ ചില വീടുകളും ഇവരെ കണ്ട ചില ബന്ധുക്കളേയും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി ഇവരോട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശരീരോഷ്മാവ് അടക്കം പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെടും. 

രോഗിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനായി ഏഴ് പേരടങ്ങിയ എട്ട് സംഘങ്ങളെ ജില്ലാ കളക്ടര്‍ പിബി നൂഹ് ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന ഈ സംഘങ്ങള്‍ പത്തനംതിട്ടയിലെത്തിയ ആറ് ദിവസം ഇവര്‍ എവിടെയെല്ലാം പോയെന്നും ആരെയൊക്കെ കണ്ടെന്നും തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ മുതല്‍ എട്ട് സംഘങ്ങളും രോഗികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ ഇവരുമായി ഇടപെട്ട എല്ലാവരേയും കണ്ടെത്താനാണ് ശ്രമം. 

കോവിഡ് സ്ഥിരീകരിച്ചവരുടെ ഇടവക അടക്കം റാന്നിയിലെ മൂന്ന് പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥനകള്‍ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ പൊതുപരിപാടികള്‍ ഇതിനോടകം ജില്ലാ കളക്ടര്‍ റദ്ദാക്കിയിട്ടുണ്ട്. വനിതാദിനത്തിലെ പരിപാടികളും ഇതില്‍ ഉള്‍പ്പെടും. മതപരമായ കൂടിച്ചേരലുകളും നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിയ ചില പത്തനംതിട്ട സ്വദേശികളെ ഇതിനോടകം പരിശോധനയ്ക്ക് വിളിച്ചിട്ടുണ്ട്. 

അതേസമയം പത്തനംതിട്ട സ്വദേശികളെത്തിയ മാര്‍ച്ച് ഒന്നാം തീയതി രാവിലെ കൊച്ചി അന്താരാഷട്ര വിമാനത്താവളത്തിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ അധികൃതര്‍ ശ്രമം തുടങ്ങി. 350 പേരാണ് ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ 8.20 കൊച്ചിയില്‍ എത്തിയത്. വിമാനത്തില്‍ ഇവര്‍ക്ക് അടുത്തുള്ള സീറ്റുകളില്‍ ഇരുന്നവര്‍. ഇതേ വിമാനം തിരിച്ചു പോകുമ്പോള്‍ ആ സീറ്റുകളില്‍ ഇരുന്ന യാത്രക്കാര്‍ ഇവരെയെല്ലാം അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തില്‍ നിര്‍ത്തും. 

രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൊച്ചി വിമാനത്താവളത്തിലെത്തിയ എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് അടിയന്തരോഗം വിളിച്ചു കൂട്ടി  തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്തു. വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രോഗബാധിതരുട ദൃശ്യങ്ങള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. ഇവരുമായി ഇടപെടുകയും സമ്പര്‍ക്കത്തില്‍ വരികയും ചെയ്ത എണ്‍പതോളം പേരെ വിമാനത്താവള അധികൃതര്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ജീവനക്കാരെയെല്ലാം അടിയന്തരമായി പരിശോധനകള്‍ക്ക് വിധേയരാക്കും. വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരെയും ഇപ്പോൾ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് കളക്ടർ എസ്. സുഹാസ് വ്യക്തമാക്കി.