കൊച്ചി: കോതമംഗലം പള്ളി കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതി. എറണാകുളം കളക്ടര്‍ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

പള്ളി കൊവിഡ് സെന്റർ ആയി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാൻ ആണോ എന്ന് സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കളക്ടർ കോടതിയെ കബളിപ്പിക്കുകയാണെന്നും കളക്ടറുടെ വിശ്വാസ്യത നഷ്ടമായി എന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കാത്തത് രാഷ്ട്രീയ സ്വാധീനത്താൽ ആണെന്ന് സംശയിക്കുന്നു. അഭിഭാഷക കമ്മിഷനെ നിയോഗിക്കണം എന്ന സർക്കാർ ശുപാർശ കോടതി തള്ളി. 

അതേസമയം, പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ തയാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാറും കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ കോടതി ഉത്തരവ് നടപ്പാക്കുന്നത് എങ്കിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇന്നോ നാളെയോ കേസിൽ വിധി പറയും എന്ന് കോടതി അറിയിച്ചു.