Asianet News MalayalamAsianet News Malayalam

ശിവശങ്കർ ഇടപെട്ടോ? ഐടി ടീമിന്‍റെ നിയമനം വിശദമായി പരിശോധിക്കാൻ ഹൈക്കോടതി

ഹൈക്കോടതിയിലെ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികളുടെ മേൽനോട്ടത്തിനായി ഹൈലെവൽ ഐടി ടീമിനെ നിയമിച്ചതിൽ ക്രമക്കേടുണ്ടായോ എന്ന അന്വേഷണമാണ് ഹൈക്കോടതി നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട സെലക്ഷൻ കമ്മിറ്റിയെ ശുപാർശ ചെയ്തത് ശിവശങ്കറാണ്. എന്നാൽ കമ്മിറ്റിയിൽ ശിവശങ്കറില്ല. 

high court it team controversy fact finding report out
Author
Thiruvananthapuram, First Published Dec 10, 2020, 8:02 PM IST

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കർ ഇടപെട്ട് ഹൈക്കോടതിയിൽ ഹൈ ലെവൽ ഐടി ടീമിനെ നിയമിച്ചുവെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ നിയമനങ്ങൾ വിശദമായി പരിശോധിച്ച് ഹൈക്കോടതി. ഹൈലെവൽ ഐടി ടീമിനെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമായിരുന്നുവെന്നതിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്‍താഖ് വിശദമായ വസ്തുതാവിവരറിപ്പോർട്ട് തയ്യാറാക്കി. ചീഫ് ജസ്റ്റിസിന്‍റെ നിർദേശപ്രകാരമായിരുന്നു നടപടി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ഹൈക്കോടതിയിലെ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികളുടെ മേൽനോട്ടത്തിന് താൽക്കാലിക ഐടി ടീം മതി, കേന്ദ്രസർക്കാരിന്‍റെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ വേണ്ട എന്ന് നിർദേശിച്ചത് സംസ്ഥാനസർക്കാരായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നത്. എൻഐഎസിയെ ഒഴിവാക്കി പുതിയ സമിതിയെ നിയമിക്കാമെന്ന നിർദേശം സർക്കാരാണ് മുന്നോട്ടുവച്ചത്.

എന്നാൽ ഈ ടീമിലെ അംഗങ്ങളെ താൽക്കാലികമായി നിയമിച്ചാൽ മതിയെന്ന് എം ശിവശങ്കർ അടക്കമുള്ളവർ ശുപാർശ ചെയ്തു. തസ്തിക അടക്കം സ്വീകരിച്ച് തുടർനടപടി സ്വീകരിച്ചത് സർക്കാരാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ എങ്ങനെ വേണമെന്ന ചില യോഗങ്ങളിൽ ശിവശങ്കറും പങ്കെടുത്തിട്ടുണ്ട്. 

ഹൈലെവൽ ഐടി ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ ആരൊക്കെ വേണമെന്ന ശുപാർശ നൽകിയത് എം ശിവശങ്കർ ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സെലക്ഷൻ കമ്മിറ്റിയിൽ ശിവശങ്കർ ഉണ്ടായിരുന്നില്ല. ഹൈക്കോടതി ജഡ്ജി ഉൾപ്പടെയുള്ളവർ ഉള്ള സമിതിയാണ് ഐടി ടീമിനെ തെരഞ്ഞെടുത്തതെന്നും വസ്തുതാവിവരറിപ്പോ‍ർട്ടിൽ പറയുന്നു. 

രാജ്യത്തെ മറ്റെല്ലാ ഹൈക്കോടതികളിലും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിന്‍റെ മേൽനോട്ടത്തിലാണ് കമ്പ്യൂട്ടർവൽക്കരണമെങ്കിൽ, കേരളാ ഹൈക്കോടതിയിൽ അഞ്ച് പേർക്ക് അറുപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളത്തിൽ കരാർ നിയമനം നൽകിയെന്നാണ് വാർത്ത പുറത്തുവന്നത്.

Follow Us:
Download App:
  • android
  • ios