Asianet News MalayalamAsianet News Malayalam

പിറവം പള്ളിത്തർക്കം; ഓർത്തഡോക്സ് സഭയ്ക്ക് ഞായറാഴ്ച കുർബാന നടത്താൻ അനുമതി

പിറവം പള്ളിയിൽ പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് ഹൈക്കോടതി. മറ്റൊരു ഉത്തരവുണ്ടാകുംവരെ ഇവർക്ക് ജാമ്യം നൽകരുതെന്നും കോടതി.

high court on piravom church dispute
Author
Kochi, First Published Sep 27, 2019, 4:55 PM IST

കൊച്ചി: പിറവം പള്ളിയിൽ ഓർത്തഡോക്സ് സഭയ്ക്ക് ഞായറാഴ്ച കുർബാന നടത്താൻ അനുമതി. ഓർത്തഡോക്സ്‌ വൈദികന്റെ കാർമികത്വത്തിൽ ആയിരിക്കും കുർബാന. ഇടവകാംഗങ്ങൾക്ക് കുർബാനയിൽ പങ്കെടുക്കാൻ തടസമില്ല. എന്നാൽ, പള്ളിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അവരെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാനാണ് പൊലീസിന് ഹൈക്കോടതി നിർദേശം നല്‍കിയിരിക്കുന്നത്.  

കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവർക്ക് ജാമ്യം നൽകരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കളക്ടറുടെയും പൊലീസിന്റെയും മുൻ‌കൂർ അനുമതിയോടെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ അടക്കമുള്ള  ചടങ്ങുകൾ നടത്താം. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടർക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കളക്ടർ ഇന്ന് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ  ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ഓർത്തഡോക്സ്‌ വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിൽ കുർബാന അർപ്പിക്കാനാണ് ഓർത്തഡോക്സ്‌ സഭയുടെ തീരുമാനം. 1934ലെ ഭരണഘടന അംഗീകരിക്കുന്ന ആർക്കും കുർബാനയിൽ പങ്കെടുക്കാം. യാക്കോബായ സഭാ വിശ്വാസികളെ പളളിയിൽ നിന്ന് ഒഴിപ്പിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് പൊലീസ് നടപടിയിലൂടെ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

എന്താണ് പിറവം പള്ളിത്തർക്കം?

മലങ്കര സഭയിലെ പുരാതന പള്ളികളിലൊന്നാണ് പിറവം സെന്‍റ് മേരീസ് പള്ളി. സഭാസ്വത്തുക്കൾ സംബന്ധിച്ച് യാക്കോബായ - ഓർത്തഡോക്സ് തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. 2018 ഏപ്രിൽ 18-ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സര്‍ക്കാര്‍ ഇതുവരെയായും വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതാണ് വിധി നടപ്പാക്കാന്‍ വൈകുന്നത്. 

Follow Us:
Download App:
  • android
  • ios